മണ്ണാർക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാത്രം (സി കാറ്റഗറി) ഉണ്ടായിരുന്ന മണ്ണാർക്കാട് നഗരം പ്രതിദിന രോഗനിരക്കിന്റെ അടിസ്ഥാനത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് (ഡി കാറ്റഗറി) മാറിയതോടെ നിരാശയിലായത് വ്യാപാരികൾ.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരി സംഘടനയുടെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റുകൾ വർദ്ധിപ്പിച്ചത് ഗുണകരമാകുമെന്നായിരുന്നു വ്യാപാരികൾ കരുതിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബി കാറ്റഗറിയിലേക്ക് (രോഗനിരക്ക് 5-10%) നഗരസഭ മാറുമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പ്രതിദിന രോഗനിരക്ക് വർദ്ധിച്ചതോടെ നഗരത്തിലെ വ്യാപാരികൾക്ക് തിരിച്ചടിയായി. ഇതിനിടെ ആന്റിജൻ പരിശോധനയിൽ പലയിടത്തും ഫലം വ്യത്യസ്ത വിധമാണെന്ന പരാതിയും ഉയരുന്നുണ്ട്. വ്യാപാരികളുടെ ഇത്തരം പരാതി കേൾക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
രണ്ട് മാസത്തിലേറെയായി സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യാപാരികൾ പറയുന്നു. നിയന്ത്രണങ്ങൾ തുടർന്നാൽ ജീവിതം തന്നെ വഴിമുട്ടിപ്പോകുമെന്ന ആശങ്കയിലാണ് പല ചെറുകിട വ്യാപാരികളും.
ഒരിടത്ത് പോസിറ്റീവ്, മറ്റൊരിടത്ത് നെഗറ്റീവ്
താലൂക്ക് ആശുപത്രിയിലെ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവായ വ്യാപാരി സംശയനിവാരണത്തിന് മറ്റൊരു കേന്ദ്രത്തിൽ അന്ന് തന്നെ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ്. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാൽ കോവിഡ് ബാധിതനായി കണക്കാക്കുമെന്നായിരുന്നു മറുപടി.