നെന്മാറ: ഒന്നാംവിള നടീൽ കഴിഞ്ഞ് നെൽപ്പാടങ്ങളിൽ വെള്ളം കുറഞ്ഞതോടെ ഞണ്ടുകൾ പെരുകുന്നുവെന് പരാതി. ചൂടും മഴക്കുറവും മൂലമാണ് ചെറുഞണ്ടുകൾ അമിതമായി പെരുകുന്നതിന് ഇടയാക്കുന്നത്.

നടീൽ കഴിഞ്ഞ നെൽച്ചെടികളുടെ മണ്ണിനോട് ചേർന്ന ഭാഗം ഞണ്ടുകൾ മുറിച്ച് നശിപ്പിക്കുന്നുവെന്നാണ് പരാതി. പോത്തുണ്ടി, ചെട്ടിച്ചിപാടം, മരുതഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഞണ്ട് ശല്യം രൂക്ഷമാകുന്നത്.

ഞണ്ടുകളുടെ ആക്രമണം വ്യാപകമായതോടെ നട്ട കതിരുകൾ നശിച്ച് നെൽച്ചെടികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നുവെന്നാണ് കർഷകരുടെ പരാതി. നട്ട് രണ്ടാഴ്ച കഴിയുന്നതോടെ പാടങ്ങൾ ചിനപ്പുകൾ പൊട്ടി ഇടതൂർന്ന് വളരേണ്ട സമയത്ത് മഴ ഇല്ലാതായതോടെയാണ് ഞണ്ട് ശല്യം രൂക്ഷമായത്.

കീടനാശിനികൾ പ്രയോഗിച്ച് ഞണ്ടുകളെ തുരത്താനാണ് ഇപ്പോൾ കർഷകരുടെ ശ്രമം.