പാലക്കാട്: വനംവകുപ്പ് സ്ഥിരം ജണ്ട സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ അവകാശം സ്ഥാപിച്ച് കിട്ടാൻ ഫോറസ്റ്റ് ട്രിബ്യൂണലിനെ സമീപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. താൻ വീടുവച്ച് താമസിക്കുന്ന അമ്പലപ്പാറ വില്ലേജിലെ 18 സെന്റ് സ്ഥലം വനംവകുപ്പ് കൈയേറി ജണ്ട സ്ഥാപിച്ചെന്ന് ആരോപിച്ച് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ. രാമകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

കമ്മിഷൻ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്ക് ആസ്പദമായ സ്ഥലം വനത്തിനകത്ത് ഉൾപ്പെട്ടു വരുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലം വനംവകുപ്പിൽ നിന്നും വിട്ടുകിട്ടാൻ പരാതിക്കാരൻ ഫോറസ്റ്റ് ട്രിബ്യൂണലിനെ സമീപിക്കണം. കൂനൻ മലയുടെ വനാതിർത്തിയിലാണ് തർക്കസ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിരം ജണ്ടകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വിഷയം വനംവകുപ്പും പരാതിക്കാരനും തമ്മിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള തർക്കമാണെന്ന് കമ്മിഷന് ബോധ്യപ്പെട്ട സാഹച്യത്തിലാണ് ഉത്തരവ് പാസാക്കിയത്.