gym

പാലക്കാട്: ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ രണ്ടരമാസത്തോളമായി അടഞ്ഞുകിടന്ന ജില്ലയിലെ ഫിറ്റ്നെസ് സെന്ററുകൾ ഭാഗികമായി തുറന്നു. ടി.പി.ആർ അഞ്ച് ശതമാനത്തിൽ താഴെയും, അഞ്ചു മുതൽ പത്തുശതമാനം വരെയുള്ള 27 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ ജിംനേഷ്യം സെന്ററുകളാണ് തുറന്നിട്ടുള്ളത്. ഇതോടെ ജീവിതം കരയ്ക്കെത്തിക്കാമെന്ന് പ്രതീക്ഷയിലാണ് ജിമ്മുടമകളും ട്രെയിനർമാരും.

സമ്പൂർണ അടച്ചിടലിന് ഒരാഴ്ച മുമ്പുതന്നെ സംസ്ഥാനത്തെ ജിമ്മുകൾ ഷട്ടർ താഴ്ത്തിയിരുന്നു. ഇതോടെ വായ്പയെടുത്ത് സംരംഭം തുടങ്ങിയവർ പ്രതിസന്ധിയിലുമായി. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ചുതുടങ്ങിയിരുന്നു. ജിം സെന്ററുകൾ വീണ്ടും സജീവമാകുന്നതോടെ നഷ്ടം നികത്താമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ.

 തുറന്നത് 25 സ്ഥാപനങ്ങൾ

നിലവിൽ ജില്ലയിൽ വിവിധയിടങ്ങളിലായി ആകെ 25 ജിമ്മുകളാണ് തുറന്നിട്ടുള്ളത്. കൂടുതലും പാലക്കാട്, നെന്മാറ, കൊല്ലങ്കോട് പ്രദേശങ്ങളിലാണ്. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് സെന്ററുകളിലേക്കെത്തുന്നത്. ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഒാഫ് പാലക്കാടിൽ ആകെ രജിസ്റ്റർ ചെയ്‍തിട്ടുള്ളത് 110 ജിമ്മുകളാണ്. രജിസ്റ്റർ ചെയ്യാത്ത ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും നിരവധിയാണ്.

 തുറക്കാവുന്ന പഞ്ചായത്തുകൾ

കിഴക്കഞ്ചേരി, പുതുപ്പരിയാരം, ആനക്കര, അനങ്ങനടി, കരിമ്പുഴ, കോട്ടായി, എരിമയൂര്‍, പാലക്കാട് നഗരസഭ, കൊല്ലങ്കോട്, കോട്ടോപ്പാടം, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, കുലുക്കല്ലൂര്‍, പരുതൂര്‍, വല്ലപ്പുഴ, കരിമ്പ, കൊടുവായൂര്‍, കാരാകുറിശ്ശി, പല്ലശ്ശന, പുതുശ്ശേരി, നെല്ലിയാമ്പതി, തെങ്കര, മലമ്പുഴ, പുതൂര്‍, പൂക്കോട്ടുകാവ്, ഷോളയൂര്‍

 നിർദ്ദേശങ്ങൾ പാലിക്കണം

1. ഒരേസമയം 20 പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല

2. ഒരാൾക്ക് ഒരുമണിക്കൂർ മാത്രമാണ് സമയം,​ ഉപയോഗിച്ച മെഷീൻ അണുവിമുക്തമാക്കണം

3. ജിമ്മുകളിൽ എത്തുന്നവർ തുടയ്‍ക്കാനുള്ള ടവലുകൾ, വെള്ളം എന്നിവ കൊണ്ടുവരണം. ഇവ കൈമാറാൻ പാടില്ല.

4. ജിമ്മുകളിൽ സാനിറ്റൈസർ ഉണ്ടാവണം. തെർമോ മീറ്ററിൽ ഓരോരുത്തരുടെയും ശരീരോഷ്‍മാവ് അളക്കണം.

5. ജിമ്മിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ സൂക്ഷിക്കണം.

 ജിമ്മുകൾ 77 ദിവസം അടഞ്ഞുകിടന്നതിനാൽ ഈ മേഖലയിലുള്ളവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പലയിടത്തും ഏഴിൽ താഴെ പേരാണ് എത്തിയത്. പല ഉപകരണങ്ങളും പ്രവർത്തിക്കുന്നതിനിടെ നിന്നുപോകുന്ന അവസ്ഥയുണ്ട്. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങളായതിനാൽ ഇവയുടെ സർവീസ് ചാർജിന് മാത്രം കുറഞ്ഞത് 5000 രൂപ വേണം. ആളുകൾ വന്നുതുടങ്ങിയാൽ മാത്രമേ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കൂ.

എം.കൃഷ്‍ണപ്രസാദ്‌, സെക്രട്ടറി, ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നെസ് അസോസിയേഷൻ ഓഫ് പാലക്കാട്