മണ്ണാർക്കാട്: പോത്തോഴിക്കാവിന് സമീപം കുന്തിപ്പുഴ തടയണ ഉൾപ്പെടുന്ന ഭാഗങ്ങളിൽ ലഹരിസംഘങ്ങൾ വിലസുന്നു. രാത്രികാലങ്ങളിൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ളയാളുകൾവരെ പുഴയോരങ്ങളിലെത്താറുണ്ടെന്നും മദ്യവും കഞ്ചാവും മാരക മയക്കുമരുന്നുകളും ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പുഴയ്ക്ക് കുറുകെയുള്ള തടയണയ്ക്ക് മുകളിലും സമീപത്തെ പുഴയോരങ്ങളിലും മറ്റുമാണ് ഇവരുടെ കേന്ദ്രം. ആളുകളുടെ ശ്രദ്ധയിൽപ്പെട്ടാൽ ലഹരിവസ്തുക്കൾ പുഴയിലേക്കെറിഞ്ഞ് രക്ഷപ്പെടും. ജനവാസ മേഖലയിലെ ഇത്തരം സാമൂഹ്യ വുരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണ്ണാർക്കാട് താലൂക്കിലെ മറ്റു പലപ്രദേശങ്ങളിലും ചെറുതും വലതുമായ ലഹരി മാഫിയകൾ പിടിമുറുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംഘങ്ങളുടെ പ്രവർത്തനം. കഞ്ചാവും വിലകൂടിയ ലഹരികളുമാണ് ഇത്തരം സംഘങ്ങൾ വില്പന നടത്തുന്നത്. വിവിധ കേസുകളിലായി ഇതിനോടകം പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കുന്നതിലൂടെയും ലഹരിമാഫിയകളുടെ പ്രധാന കണ്ണികളെയും ഇടനിലക്കാരെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി മാഫിയകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ അറിയിക്കാൻ പൊതുജനം തയ്യാറായാൽ നാടിനെ നശിപ്പിക്കുന്ന ഈ വിപത്തിനെ വേരോടെ പിഴുതെറിയാം. ലഹരി വില്പന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കെ.ആർ.ജസ്റ്റിൻ, സബ് ഇൻസ്പക്ടർ ഒഫ് പൊലീസ്. മണ്ണാർക്കാട്