നെന്മാറ: നെല്ലിയാമ്പതി റേഞ്ചിൽ നിന്ന് മ്ലാവിനെ വേട്ടയാടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ സ്വദേശി റസൽ (47), കരുവാരക്കുണ്ട് സ്വദേശി ജംഷീർ(33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 12ന് നെല്ലിയാമ്പതി റേഞ്ചിന് കീഴിലെ പോത്തുണ്ടി തളിപ്പാടത്തിന് സമീപത്തുനിന്നാണ് മ്ലാവിനെ പിടികൂടി മാംസം എടുത്ത നിലയിൽ കണ്ടെത്തിയത്. കേസിലുൾപ്പെട്ടെ പൂക്കോട്ടുപാടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ഷാഫി, കരുവാരക്കുണ്ട് സ്വദേശികളായ ഉമ്മർ, മന്നാൻ, സഹദ്, എന്നിവർ ഒളിവിലാണ്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് തോക്ക്, കാട്ടിറച്ചി, ഇവ കടത്തികൊണ്ടുപോകുന്നതിനുള്ള വാഹനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖകൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ നിരന്തരം വേട്ടയാടി മാംസം വില്പന നടത്തുന്ന സംഘമാണ് ഇവർ. മറ്റ് പ്രതികൾക്കായി കൂടുതൽ അന്വേഷണം നടത്തുമെന്ന് നെന്മാറ ഡി.എഫ്.ഒ. ആർ.ശിവപ്രസാദ് പറഞ്ഞു.