വടക്കഞ്ചേരി: മഞ്ഞപ്ര പന്നിക്കോട്ടിലെ യുവാവിന്റെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഞ്ഞപ്ര പന്നിക്കോട് നാല് സെന്റ് കോളനിയിൽ കൃഷ്ണന്റെ മകൻ അഭയനെ (35) യാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിൽ പൊള്ളലേറ്റ് കരുവാളിച്ച പാട് കണ്ടതിനെ തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഷോക്കേറ്റ് തന്നെയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. എന്നാൽ, എവിടെ നിന്നാണ് ഷോക്കേറ്റതെന്ന് വ്യക്തമായിട്ടില്ല. പരിസരത്ത് ഷോക്കേല്ക്കുന്ന തരത്തിലുള്ള കമ്പിയോ, വയറോ ഒന്നും കണ്ടെത്തിയിരുന്നില്ല. കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ആരെങ്കിലും ഷോക്ക് വച്ചപ്പോൾ അതിൽ തട്ടി മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിച്ച മൃതദേഹം കൊളയക്കാട് ശ്മശാനത്തിൽ സംസ്‌കരിച്ചു.