nelliyampathy-village
കാ​ല​പ്പ​ഴ​ക്കം​ ​കൊ​ണ്ട് ചോ​ർ​ന്നൊ​ലി​ച്ച് ​ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​ ​നെ​ല്ലി​യാ​മ്പ​തി​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​കെ​ട്ടി​ടം.

നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ നെല്ലിയാമ്പതി വില്ലേജ് ഓഫീസ് പുനർനിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. ചിറ്റൂർ താലൂക്കിലെ നെന്മാറ, വല്ലങ്ങി, കോഴിപ്പതി, നെല്ലിയാമ്പതി. എന്നീ 4 വില്ലേജ് ഓഫീസുകളുടെ പുനർനിർമ്മാണത്തിന് കരാർ നൽകി കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

മറ്റ് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം ആരംഭിച്ച് പൂർത്തിയാകാറായെങ്കിലും നെല്ലിയാമ്പതി വില്ലേജിന്റെ പ്രവൃത്തികളാണ് ഇഴയുന്നത്. താത്കാലികമായി ഓഫീസ് പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റിയായിരുന്നു നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം പ്രവൃത്തികൾക്കായി വിട്ടുകൊടുത്തത്.

ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ ചെലവ് കണക്കാക്കിയാണ് ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ അനുമതി നൽകിയത്. എന്നാൽ ചിറ്റൂർ താലൂക്കിൽ തന്നെയുള്ള മറ്റ് വില്ലേജുകളുടെ നിർമ്മാണം ഏറെക്കുറെ പൂർത്തികരിച്ചിട്ടും നെല്ലിയാമ്പതി വില്ലേജിന്റെ മാത്രം നിർമ്മാണം ഏങ്ങുമെത്തിയിട്ടില്ല.

നിർമ്മിതി മോഡൽ മാതൃകയിലാണ് നെല്ലിയാമ്പതിയിൽ മുൻപ് വില്ലേജ് ഓഫീസ് കെട്ടിടം ഉണ്ടായിരുന്നത്. ഈർപ്പവും കാലപ്പഴക്കവും കൊണ്ട് ചോർന്നൊലിച്ചും പൊട്ടിപ്പൊളിഞ്ഞും ഫയലുകൾ വരെ നശിച്ചുതുടങ്ങിയപ്പോഴാണ് പുതിയ കെട്ടിടം വേണമെന്ന് ആവശ്യം ഉയർന്നത്.

1985ലാണ് പോത്തുണ്ടി, കൊല്ലങ്കോട് 2, മുതലമട വില്ലേജുകളെ വിഭജിച്ച് നെല്ലിയാമ്പതി വില്ലേജ് രൂപീകരിച്ചത്. നെല്ലിയാമ്പതിയിലെ കൈകാട്ടിയിലെ ഓറഞ്ച് ഫാം വളപ്പിൽ നൽകിയ സ്ഥലത്താണ് നിർമ്മിതി കേന്ദ്ര 1996ൽ കെട്ടിടം പണിതു നൽകിയത്.

നെല്ലിയാമ്പതിയിലെ നിലവിലുള്ള വില്ലേജ് ഓഫീസ് താത്കാലികമായി സമീപത്തുള്ള മറ്റേതെങ്കിലും സർക്കാർ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം എത്രയും വേഗം നടത്തണം. വിദൂര പ്രദേശമായ നെല്ലിയാമ്പതിയിൽ ഓഫീസിനോട് ചേർന്ന് തന്നെ ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും നിർമ്മിക്കണം.

- ആരോഗ്യം ജോയ്‌സൺ, കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്