വാളയാർ: മലബാർ സിമന്റ്‌സിലെ നോൺ മാനേജീരിയൽ ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. കമ്പനിയിലെ മാനേജീരിയൽ ജീവനക്കാർക്കും നോൺ മാനേജീരിയൽ ജീവനക്കാർക്കും രണ്ടുതരം ശമ്പള വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
മാനേജീരിയൽ ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ശമ്പള വ്യവസ്ഥയും നോൺ മാനേജീരിയൽ ജീവനക്കാർക്ക് നാഷണൽ സിമന്റ് വേജ് ബോർഡിന്റെ വ്യവസ്ഥയുമായിരുന്നു ബാധകം. സിമന്റ് വേജ് ബോർഡിൽ വളരെ തുച്ഛമായ ആനുകൂല്യങ്ങളാണ് ഉണ്ടായിരുന്നത്.
അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ലാതെ വീട്ടുവാടകയായി 125 രൂപയും രാത്രി ഷിഫ്ട് അലവൻസായി ഒരു രൂപയുമാണ് അനുവദിച്ചിരുന്നത്. വാർഷിക വർദ്ധനവും സിമന്റ് വേജ് ബോർഡിൽ വളരെ കുറവായിരുന്നു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്യൂറോ ഒഫ് പബ്ലിക് എന്റർപ്രൈസസ് ബോർഡ് യോഗത്തിൽ നോൺ മാനേജീരിയൽ ജീവനക്കാരുടെ ശമ്പള വ്യവസ്ഥ സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥയിലേക്ക് മാറ്റാൻ തീരുമാനിച്ചത് നിരവധി തൊഴിലാളികൾക്ക് ഗുണകരമാകും.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വേതനവർദ്ധനവ്.
സംസ്ഥാന സർക്കാരിന് നന്ദി
മലബാർ സിമന്റസിലെ നോൺ മാനേജീരിയൽ തൊഴിലാളികളുടെ
വേതന വർദ്ധനവിന് അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വ്യവസായ- ധനകാര്യ മന്ത്രിമാർക്കും മുൻ മന്ത്രി എ.കെ. ബാലനും ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായി മലബാർ സിമന്റ്‌സ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു അറിയിച്ചു.