കടുവയെ കുടുക്കാൻ കൂട് വയ്ക്കുമെന്ന വാഗ്ദാനം വനം വകുപ്പ് പാലിച്ചില്ല

അലനല്ലൂർ: ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവാ ആക്രമണമുണ്ടായ സാഹചര്യത്തിൽ എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയിലെ ചാലിശ്ശേരി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കാമറ വനപാലകർ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളിൽ വന്യജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല.

ശനിയാഴ്ച വൈകീട്ടോടെയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സാമൂഹിക പ്രവർത്തകനായ അയ്യപ്പൻ കൂറുപ്പാടത്തും എസ്റ്റേറ്റിലെത്തിയത്. കാമറയിൽ നിന്നും മെമ്മറി കാർഡെടുത്ത് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. തുടർന്നാണ് ഞായറാഴ്ച വന്യജീവിയെ നിരീക്ഷിക്കുന്നതിനായി ചോലയിൽ എസ്റ്റേറ്റിലെ രണ്ടിടത്തായി കാമറകൾ സ്ഥാപിച്ചത്.

നിരീക്ഷണം നടത്തി വരുന്നതിനിടെ ഇക്കഴിഞ്ഞ ആറിന് ടാപ്പിംഗ് തൊഴിലാളിയായ മുകുന്ദനും എൻ.എസ്.എസ് എസ്റ്റേറ്റിൽ വച്ച് ടാപ്പിംഗിനിടെ വന്യജീവിയെ കണ്ടതായി അറിയിച്ചിരുന്നു. ഇതിനിടെ ഹുസൈനെ ആക്രമിച്ചത് കുട്ടിക്കടുവയാണെന്ന് വനംവകുപ്പ് തന്നെ സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം കൂട് വയ്ക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.

എന്നാൽ ഒരാഴ്ചയായിട്ടും കൂട് വയ്ക്കാൻ നടപടിയുണ്ടാകാത്തത് ജനരോഷത്തിനും ഇടയാക്കുന്നുണ്ട്. കടുവാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വന്യജീവികളുടെ സാന്നിദ്ധ്യം തിരിച്ചറിയാനായി കൂടുതൽ കാമറകൾ വച്ച് നിരീക്ഷണം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.