അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്തെ 'ഇടമല'യിൽ ഇക്കോ ടൂറിസത്തിന് സാദ്ധ്യതയേറുന്നു. ഇതുസംബന്ധിച്ച് വാർഡ് അംഗങ്ങൾ ഒപ്പിട്ട നിവേദനം ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് സമർപ്പിച്ചു. തുടർ നടപടികൾക്കായി ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ പതിറ്റാണ്ടുകളായുള്ള മോഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് സൈലന്റ് വാലിയുടെ വനഭംഗിയിൽ ഹൃദ്യമായ കാഴ്ചയൊരുക്കി തലയെടുപ്പോടെ നിൽക്കുന്ന പ്രദേശമാണ് ഇടമല. അലനല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പിലാച്ചോലയിൽ ജനവാസ കേന്ദ്രങ്ങൾക്ക് നടുവിലായി സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലും 30 ഏക്കറോളം വിസ്തൃതിയിലുമാണ് ഇടമല നിൽക്കുന്നത്. സാഹസിക മലകയറ്റം ഇടമലയിലേക്ക് സഞ്ചാരികളെ ആകർഷിക്കും. കൂടാതെ കുളിർ കാറ്റേറ്റ് വിശ്രമിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയാൽ ഇടമലയെ സംസ്ഥാനത്തെ മികച്ച ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.