പാലക്കാട്: ജില്ലയിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന ബോണ്ട് സർവീസുകൾക്ക് തുടക്കം. കോയമ്പത്തൂർ, പോത്തന്നൂർ ഭാഗങ്ങളിലേക്കായി മൂന്ന് ബോണ്ട് സർവീസുകളാണ് കെ.എസ്.ആർ.ടി.സി ജില്ലയിൽ നിന്നും നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ് സർവീസുകൾക്ക് നിയന്ത്രണമുണ്ട്. നിലവിൽ സംസ്ഥാനത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ഏക അന്തർ സംസ്ഥാന ബോണ്ട് സർവീസാണ് ജില്ലയിലേത്.
പ്രധാനമായും ബാങ്ക്, റെയിൽവേ ജീവനക്കാർക്കാണ് ബോണ്ട് സർവീസ് പ്രയോജനപ്പെടുക. പാലക്കാട് നിന്നും രാവിലെ അഞ്ചിന് പോത്തന്നൂരിലേക്കാണ് ആദ്യ സർവീസ്. തുടർന്ന് രാവിലെ 7.45 നും 8.15 നും കോയമ്പത്തൂരിലേക്കും ബോണ്ട് സർവീസ് നടത്തുന്നു. മൂന്ന് സർവീസുകളിലായി ഏകദേശം 125 യാത്രക്കാരുണ്ട്. ഒരു ദിവസത്തേക്ക് പോയി വരാനായി 200 രൂപയാണ് ചാർജ് ഇനത്തിൽ ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസ് ആവശ്യമുള്ളവർ ജില്ലാ ഓഫീസിൽ നേരിട്ടെത്തി 5000 രൂപ അടച്ച് 25 ദിവസത്തേക്കുള്ള കാർഡ് കൈപ്പറ്റണമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു. ഓൺലൈൻ സൗകര്യം ലഭ്യമല്ല.