പാലക്കാട്: നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുന്ന മിൽമ ഓൺ വീൽസ് പദ്ധതി പാലക്കാടും ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയിലാണ് മിൽമ ഔട്ട്ലെറ്റ് ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
ഇതിനായി സർവീസ് നിറുത്തിയ ബസ് മിൽമയ്ക്ക് കൈമാറി. ബസിനെ മനോഹരമായി രൂപമാറ്റം വരുത്തി മിൽമ ഔട്ട്ലെറ്റാക്കും. ആളുകൾക്ക് ഇരുന്ന് ചായ, ഐസ്ക്രീം, ചെറുകടികൾ എന്നിവ കഴിക്കാനുള്ള സംവിധാനം ബസിനകത്ത് ഉണ്ടാകും. ഒപ്പം മിൽമയുടെ എല്ലാവിധ ഉത്പന്നങ്ങളും സൂപ്പർമാർക്കറ്റിലെന്ന പോലെ തിരഞ്ഞെടുക്കാനും കഴിയും.
മിൽമയ്ക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് ബസിനെ മനോഹരമായ ഔട്ട്ലെറ്റാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ബസിനെ മിൽമ ഔട്ട്ലൈറ്റാക്കി രൂപം മാറ്റുന്നത്. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായാണ് മിൽമയുമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ തൃശൂരിൽ നടപ്പാക്കിയ പദ്ധതിയാണിത്. കെ.എസ്.ആർ.ടി.സിക്ക് എല്ലാ മാസവും മിൽമ വാടക നൽകും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പോലെ ആളുകൾ കൂടുതൽ എത്തുന്ന സ്ഥലത്ത് ഔട്ട്ലെറ്റ് ആരംഭിച്ചാൽ മികച്ച പ്രതികരണമുണ്ടാകുമെന്നാണ് മിൽമയുടെ പ്രതീക്ഷ. രാത്രിയിലടക്കം തുറന്ന് പ്രവർത്തിക്കുന്ന രീതിയിൽ ലൈറ്റുകളും ഔട്ട്ലെറ്റിൽ ക്രമീകരിക്കും.
പദ്ധതിക്കുള്ള ബസ് ലഭിച്ചിട്ട് നാലു മാസമായി. കൊവിഡ് മൂലം ജോലികൾ വൈകിയതായിരുന്നു. നിലവിൽ സ്റ്റാൻഡിനു മുന്നിലെ യാർഡ് പ്രവർത്തനം കഴിഞ്ഞാലുടൻ ബസ് അവിടേക്ക് മാറ്റി ഈ മാസം അവസാനത്തോടെ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങും.
- ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.