പാലക്കാട്: ജില്ലയിലെ എൽ.പി സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്ക് സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടാൻ യോഗ്യരായവരുടെ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷൻ നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ പി.എസ്.സി പ്രൊഫൈലുകളിൽ ലഭ്യമാക്കിയിരുന്നു. എന്നാൽ അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ജൂലായ് 18ന് അവസാനിക്കാനിരിക്കെ ഉയർന്ന മാർക്ക് ലഭിച്ച പല ഉദ്യോഗാർത്ഥികൾക്കും സന്ദേശം ലഭ്യമായിട്ടില്ല. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നിർബന്ധമാക്കിയതിനു ശേഷം നടക്കുന്ന ആദ്യ പരീക്ഷയാണിത്.

ജില്ലയിൽ 1932 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ബി.എഡ്, എം.എഡ് തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ 50 ഓളം പേരും നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ ടീച്ചർ തസ്തികയിലേക്ക് അപോയ്മെന്റ് ലഭിച്ച നൂറോളം പേരും ഉൾപ്പെടെ 150 പേർക്ക് നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുകയും സന്ദേശം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇത്തരത്തിൽ ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വേരിഫിക്കേഷൻ നടത്തുന്നതെങ്കിൽ വേരിഫിക്കേഷനു ശേഷം ലിസ്റ്റിൽ ഉൾപ്പെടാവുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആശങ്ക.

ടി.ടി.സി കൂടാതെ കേരള ടീച്ചേഴ്സ് എലിജിബിലിറ്റ് ടെസ്റ്റ് യോഗ്യതയോടെ നടത്തിയ ഈ പരീക്ഷയിലെ അപേക്ഷകരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. നിലവിൽ ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളുടെ രേഖാപരിശോധന നടത്തി അർഹരായവർക്ക് രണ്ടാംഘട്ട അപ് ലോഡിംഗ് സന്ദേശം ലഭ്യമാക്കണം.

- പ്രജിത, ഉദ്യോഗാർത്ഥി, യാക്കര.