ശ്രീകൃഷ്ണപുരം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഡീഷണൽ ജില്ലാ സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവിനും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ശിക്ഷിച്ചത്. ഭർതൃപിതാവ് മുഹമ്മദിനെ (59) കൊല്ലാൻ ശ്രമിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധിപറഞ്ഞത്.
കൊലപാതക ശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപ വീതമാണ് പിഴചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചുവർഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2013 മുതൽ 2015 വരെയാണ് ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷപദാർത്ഥം നൽകിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കാലയളവിൽ മുഹമ്മദിന് നിരന്തരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ യുവതി ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് കണ്ടു. തുടർന്ന് ശ്രീകൃഷ്ണപുരം പൊലീസിൽ പരാതി നൽകി. മണ്ണാർക്കാട് സി.ഐ ആയിരുന്ന ഹിദായത്തുൽ മാമ്പ്രയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
ഭർത്താവിന്റെ മുത്തശ്ശി നബീസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഫസീലയും ഭർത്താവ് ബഷീറും. ഈ കേസും കോടതിയുടെ പരിഗണനയിലാണ്.