autorikshaw
ഉമ്മറിന്റെ ഓട്ടോറിക്ഷയുടെ സീറ്റുകൾ തെരുവ് നായ്ക്കൾ നശിപ്പിച്ച നിലയിൽ

മണ്ണാർക്കാട്: ട്രിപ്പിൾ ലോക്ക് ഡൗണിൽ കുരുങ്ങി ജീവിതം കരയ്ക്കെത്തിക്കാൻ നെട്ടോട്ടമോടുന്ന ഓട്ടോത്തൊഴിലാളികൾക്ക് എട്ടിന്റെ പണി കൊടുത്ത് തെരുവ് നായ്ക്കൾ. പ്രാദേശിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് സർവീസ് നടത്താതെ വീടിന് മുന്നിൽ നിറുത്തിയിട്ട വാഹനത്തിന്റെ സീറ്റുകൾ നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു. ശിവൻകുന്ന് ഗ്യാസ് ഗോഡൗണിന് സമീപം താമസിക്കുന്ന ഉമ്മറിന്റെ ഓട്ടോയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തി നശിപ്പിച്ചത്.

വാഹനത്തിന്റെ പിൻസീറ്റ് പൂർണമായും കടിച്ചുകീറിയ നിലയിലാണ്. ഇത് നന്നാക്കാൻ കുറഞ്ഞത് 2000 രൂപ ചെലവ് വരുമെന്ന് ഉമ്മർ പറയുന്നു. ലോക്ക് ഡൗൺ ദുരിതത്തിൽ നിന്ന് കരകയറാനാകാതെ വിഷമിക്കുമ്പോഴാണ് ഈ പ്രതിസന്ധി.

മേഖലയിൽ തെരുവ് നായശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ വാഹനത്തിന് കുറുകെ ചാടി ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.