കൊല്ലങ്കോട്: നബാർഡിന്റെ ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ 200 കോടിയുടെ വികസന പരിപാടികൾ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ. ഇൻഷ്വറൻസ് പക്ഷാചരണത്തോട് അനുബന്ധിച്ച് പെരുവെമ്പ് കൃഷിഭവനിൽ 100 % പാടശേഖരങ്ങളും ഇൻഷ്വർ ചെയ്തതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
പെരുവെമ്പിലെ 834 ഹെക്ടർ കൃഷിഭൂമിക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയത് സംസ്ഥാന സർക്കാർ കർഷകർക്കൊപ്പമാണെന്നതിന്റെ തെളിവാണ്. ഇതിന് മുൻകൈയെടുത്ത പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവരാമൻ, സംയുക്ത പാടശേഖര സമിതി ഭാരവാഹികളായ അയ്യപ്പൻ, ബാബു, പ്രഭാകരൻ, സുന്ദരൻ, കൃഷി ഓഫീസർ ടി.ടി. അരുൺ, കൃഷി അസിസ്റ്റന്റുമാരായ സജിത ബാനു, ശ്രീനിവാസൻ, മഞ്ചു എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മുൻപഞ്ചായത്ത് പ്രസിഡന്റ് ശശികല, ഉഷാകുമാരി, ശിവരാമൻ, അനിത, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.