fate

കൊല്ലങ്കോട്: ഗർഭിണികളെയും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെയും ആശുപത്രിയിൽ എത്തിക്കണമെങ്കിൽ അരക്കിലോമീറ്ററോളം തോളിൽ ചുമന്നോ കൈത്താങ്ങായോ കൊണ്ടുപോകേണ്ട ഗതികേടിലാണ് പറമ്പിക്കുളം അഞ്ചാം കോളനി നിവാസികൾ. ഊരിലേക്ക് ഗാതാഗതയോഗ്യമായൊരു റോഡ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഊര് നിവാസികൾ നിരവധി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും ഇതുവരെ നടപടിയായില്ല.

കോളനിയിൽ 20 കുടുംബങ്ങളിലായി പ്രായമായവരും കുട്ടികളും ഉൾപ്പെടെ 75 ഓളം പേർ താമസിക്കുന്നുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ആംബുലൻസ് വരുന്നിടം വരെ കൈത്താങ്ങായി കൊണ്ടുപോകണം. പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ രാത്രി യാത്രയും ദുഃസഹമാണ്. നാമമാത്രമായ ജീപ്പ് സർവീസുകളുണ്ടെങ്കിലും അമിത വാടക വാങ്ങുന്നതിനാൽ കോളനിവാസികൾക്ക് കൈപൊള്ളും.

ആറുമുഖൻ വീട്ടിലെത്തിയത് ബന്ധുക്കളുടെ തോളിൽ

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്ത ആറുമുഖനെ വീട്ടിലെത്തിച്ചത് തോളിൽ ചുമന്ന്. വാഹന സൗകര്യമില്ലാത്തത് കൊണ്ടാണ് ബന്ധുക്കൾ തോളിൽ ചുമന്ന് വീട്ടിലെത്തിച്ചത്. രോഗികളെ ആശുപത്രിയിൽ നിന്നും ഉച്ചയ്ക്ക് മുമ്പേ ഡിസ്ചാർജ് ചെയ്താൽ മാത്രമേ രാത്രിയോടെ അവർക്ക് ഊരുകളിലെത്താനാകൂ. ഡിസ്ചാർജ് ചെയ്തശേഷം ആ വിവരം എസ്.ടി പ്രൊമോട്ടറെ അറിയിച്ച് വാഹനസൗകര്യം ഒരുക്കി വേണം ഇവരെ വീടുകളിലെത്തിക്കാൻ. ഇതിൽ കാലതാമസമുണ്ടായാൽ മലകയറുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഊരുനിവാസികൾ പറയുന്നു. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.