പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയിൽ ഇത്തവണ ആകെ പരീക്ഷയെഴുതിയ 38,770 വിദ്യാർത്ഥികളിൽ 38,518 പേരും ഉപരിപഠനത്തിന് അർഹരായി. 19,522 ആൺകുട്ടികളും 18,996 പെൺകുട്ടികളും വിജയിച്ചു. ജില്ലയുടെ വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ 0.61% വർദ്ധിച്ചു. 2020ൽ പാലക്കാട് പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 98.74% പേരാണ് വിജയിച്ചത്.
ഈ വർഷം ജില്ലയിലാകെ 9,083 വിദ്യാർത്ഥികൾക്കാണ് സമ്പൂർണ എ പ്ലസ് നേടാനായത്. ഇതിൽ 6,460 പെൺകുട്ടികളും 2,623 ആൺകുട്ടികളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ ഉപജില്ലകളിൽ എറ്റവും ഉയർന്ന വിജയശതമാനം മണ്ണാർക്കാടിനാണ്. പരീക്ഷയെഴുതിയവരിൽ 99.63% വിദ്യാർത്ഥികളും വിജയച്ചു. ഇവിടെ 4,443 ആൺകുട്ടികളും 4,384 പെൺകുട്ടികളും ഉൾപ്പെടെ 8827 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയിട്ടുള്ളത്. 2176 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 99.12 ശതമാനമാണ് വിജയം. ഇവിടെ 8881 ആൺകുട്ടികളും 8624 പെൺകുട്ടികളും ഉൾപ്പെടെ 17505 പേർ വിജയിച്ചു. 4069 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 99.49 ശതമാനമാണ് വിജയം. ഇവിടെ 6198 ആൺകുട്ടികളും 5988 പെൺകുട്ടികളും ഉൾപ്പെടെ 12186 പേർ വിജയിച്ചു. 2838 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ശ്രീകൃഷ്ണപുരം സ്കൂളിന് വൻവിജയം
ശ്രീകൃഷ്ണപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ. 99% വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. 161 പേർ ഫുൾ എ പ്ലസ് നേടി, 204 പേർ 9 എ പ്ലസ് നേടി. 466 പേർ പരീക്ഷ എഴുതിയപ്പോൾ 460 പേർ വിജയിച്ചു.
കടമ്പഴിപ്പുറം ഹൈസ്കൂൾ ഇത്തവണ നൂറുമേനി വിജയം നേടി. കഴിഞ്ഞ വർഷം 98% വിജയമാണ് സ്കൂൾ നേടിയത്. 204 പേർ എഴുതിയതിൽ 51 പേർ ഫുൾ എ പ്ലസ് നേടി.