ഭർത്താവിനെതിരെ കേസെടുത്തു
പാലക്കാട്: ധോണിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും മൂന്നുമാസം പ്രായമായ കുഞ്ഞിനെയും ഭർത്താവ് വീട്ടിനു പുറത്താക്കിയ സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടു. യുവതിയെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരുടെ സംരക്ഷണത്തിന് വനിതാ പ്രൊട്ടക്‌ഷൻ ഓഫീസർക്കും ഹേമാംബിക പൊലീസിനും നിർദ്ദേശം നൽകി. യുവതിയുടെ പരാതിയിൽ ഭർത്താവ് ധോണി സ്വദേശി ശരണ്യശ്രീ വീട്ടിൽ മനുകൃഷ്ണനെതിരെ (31) ഗാർഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.
മനുകൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരുവർഷം മുമ്പാണു വിവാഹിതരായത്. പ്രസവാനന്തരം ഈ മാസം ഒന്നിനാണ് ശ്രുതി പത്തനംതിട്ടയിൽ നിന്ന് ഭർതൃവീട്ടിലേക്ക് എത്തിയത്. ഇവർ വരുന്നതറിഞ്ഞ് ഭർത്താവും വീട്ടുകാരും വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ശ്രുതിയും മൂന്നുമാസം പ്രായമായ കുഞ്ഞും ഭർതൃവീട്ടിലെ സിറ്റ് ഒൗട്ടിലാണ് താമസം. വിവാഹമോചനം ആവശ്യപ്പെട്ടും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഭർത്താവും വീട്ടുകാരും ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം യുവതിയാണ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെന്ന് മനു കൃഷ്ണൻ പറയുന്നു.