ഷൊർണൂർ: നഗരസഭാ കുടുംബശ്രീയുടെ സാമ്പത്തിക ഇടപാടുകളും മറ്റു വിവാദമായ നടപടി ക്രമങ്ങളും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. കുടുംബശ്രീ ചെയർ പേഴ്സൺ സി. സുജാത ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് 60 ദിവസത്തിനകം അന്വഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടിവ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടത്.

ഗവ. പ്രസ് ഡിപ്പോയിലെ സോർട്ടിംഗ് വിഭാഗത്തിൽ നടന്ന താത്കാലിക നിയമനങ്ങൾ കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സനെ മറച്ചുവച്ചതും മുൻ നഗരസഭാ ഭരണ സമിതിയും ചില സി.ഡി.എസ് അംഗങ്ങളും ചേർന്ന് നിയമനം നടത്തുന്നതിനായി ചേർന്ന യോഗത്തിൽ പങ്കെടുക്കാതിരുന്ന സി.ഡി.എസ് ചെയർപേഴ്സൺ സുജാതയുടെ വ്യാജ ഒപ്പ് മിനുട്സ് ബുക്കിൽ രേഖപ്പെടത്തിയതും വിവാദമായിരുന്നു.

ഷൊർണൂർ പൊലീസിനും പാലക്കാട് എസ്.പിക്കും പരാതി നൽകിയിട്ടും അന്വേഷണം നടത്താതിരുന്നതും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കിൽ അടയ്ക്കാൻ നൽകുന്ന പണം ദുരുപയോഗപ്പെടുത്തിയതും അന്വേഷിക്കണമെന്ന് സി.ഡി.എസ് ചെയർ പേഴ്സൺ ആവശ്യപ്പെട്ടിരുന്നു. കണക്കുകൾ മാസാവസാനം പരിശോധിക്കേണ്ട ഉപസമിതി കൺവീനർമാർ അഴിമതിക്ക് കൂട്ടുനിന്നെന്നും ആരോപണമുണ്ട്.

ബാങ്കിൽ അടയ്ക്കേണ്ട തുക ദുരുപയോഗപ്പെടുത്തിയതിനാൽ അയൽക്കൂട്ടം യൂണിറ്റുകൾക്ക് ലഭിക്കേണ്ട പലിശവരുമാനം കുറഞ്ഞെന്നും വീട്ടമ്മമാരുടെ വരുമാനത്തിൽ കുറവുണ്ടായെന്നും പരാതിയിൽ ആരോപിച്ചിരുന്നു.