vellinezhi

ചെർപ്പുളശ്ശേരി: വെള്ളിനേഴി കലാഗ്രാമത്തിൽ കലാകാരന്മാർക്കെതിരെ പഞ്ചായത്തും ഡി.ടി.പി.സിയും ഒത്തുകളി നടത്തുകയാണെന്നാരോപിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്തിൽ കലാഗ്രാമം സമുച്ചയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നിലവിൽ ഒരു ഡയറക്ടറി നിലനിൽക്കേ വീണ്ടും പഞ്ചായത്തിൽ കലാകാരൻമാർക്ക് രജിസ്‌ട്രേഷൻ നടത്തേണ്ട ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു സമരം.

ലോക്കൽ കമ്മിറ്റി സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കേരള സർവകലാസംഘം താലൂക്ക് പ്രസിഡന്റ് സുരേഷ് പുളിക്കൽ, കെ.സി. കുഞ്ഞിരാമൻ എന്നിവരും സമരത്തിൽ പങ്കെടുത്തു.

പ്രതിഷേധ സൂചകമായി ജില്ലാ കളക്ടറുടെയും ഡി.ടി.പി.സിയുടെയും നിർദേശമനുസരിച്ച് ഡോ. വെള്ളിനേഴി അച്യുതൻകുട്ടി തയ്യാറാക്കിയ വള്ളുവനാടൻ കലകളും വെള്ളിനേഴി കലാഗ്രാമവും എന്ന ഡയറക്ടറി ഡി.ടി.പി.സി ഉദ്യോഗസ്ഥർക്ക് കൈമാറി.

കലാഗ്രാമ പ്രഖ്യാപന സമയത്ത് 82 കോടിയോളം രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതിക്കായി തയ്യാറാക്കിയിരുന്നു. ആദ്യഘട്ടമെന്നോണം രണ്ടു കോടി രൂപ ചെലവഴിച്ച് ആസ്ഥാന മന്ദിരവും നിർമ്മിച്ചു. എന്നാൽ പിന്നീട് ഒരു പ്രവർത്തനവും നടക്കാത്തതിനാൽ ആസ്ഥാനമാന്ദിരം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയെന്നും, ഇതെല്ലാം ചില വ്യക്തികളുടെ താത്പര്യങ്ങൾക്കനുസരിച്ച് പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സമരക്കാർ ആരോപിക്കുന്നു.

കലാഗ്രാമം കലാകാരൻമാർക്ക് തുറന്നു കൊടുക്കുക, റോഡ് പുനർനിർമ്മിക്കുക, ആസ്ഥാന മന്തിരത്തിന് ചുറ്റുമതിൽ നിർമ്മിക്കുക, ഉപദേശക സമിതിയിൽ കലാകരൻമാരെയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്.

ഉപദേശകസമിതി പിരിച്ചുവിട്ടതിനു പരിഹാരം കണ്ട് പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാദ്ധ്യമാക്കിയില്ലെങ്കിൽ കലാകാരന്മാരെയും സാംസ്‌കാരിക സംഘടനകളെയും ഉൾക്കൊള്ളിച്ച് കൂടുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

- ആലുംകുണ്ടിൽ രാധാകൃഷ്ണൻ, സി.പി.ഐ

ഡയറക്ടറി തയ്യാറാക്കിയത് അഞ്ചു വർഷങ്ങൾക്ക് മുമ്പാണ്. ഇതിൽ ഉൾപ്പെട്ട പലരും മരിച്ചു പോയി. പുതിയ തലമുറയിലെ കലാകാരന്മാരെ ഉൾപെടുത്തേണ്ടതിനാലാണ് പുതിയ രജിസ്‌ട്രേഷൻ നടത്തുന്നത്.

-ഡി.ടി.പി.സി