factory

രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 21-മതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് കേരളം. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സർക്കാർ നടപ്പാക്കിവരുന്ന പരിഷ്കരണങ്ങളൊന്നും ഫലം കാണുന്നില്ലെന്നതിന്റെ തെളിവാണ് റാങ്കിംഗിലെ ഈ പിന്നാക്കാവസ്ഥ.

കേരളത്തിന്റെ വ്യാവസായിക വികസനത്തിൽ നിർണായക സ്വാധീനമുള്ള മേഖലയാണ് കഞ്ചിക്കോട്. ഓൾഡ് ഇൻഡസ്ട്രിയൽ ഏരിയ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, വൈസ് പാർക്ക്, കിൻഫ്ര, ടെക്സ്റ്റൈൽ പാർക്ക് തുടങ്ങിയ മേഖലകളിലായി 1400 ഏക്കർ ഭൂമി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയാണ്. ഇവിടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, ഫയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പി.പി.എസ് സ്റ്റീൽ (കേരള) പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നികുതിയിനത്തിൽ നിത്യവും വലിയ തുക ഖജനാവിലേക്ക് നൽകുന്ന കഞ്ചിക്കോട് വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം, ഭരണകൂടങ്ങളുടെ നിഷേധാത്മക സമീപനം, തൊഴിലാളി യൂണിയൻ സംഘടനകളുടെ നിസഹകരണം എന്നിവയെല്ലാം സംരംഭകരെ കഞ്ചിക്കോട് മേഖല ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ഏഴുവർഷത്തിനിടെ നൂറിലേറെ വ്യവസായശാലകൾ കഞ്ചിക്കോട് വിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. വസ്ത്ര വ്യാപാര മേഖലയിലെ കിറ്റെക്‌സ് ഗാർമെന്റ്‌സ്, ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്സി ബ്രൂവറീസ്, മാരിക്കോ തുടങ്ങി ചെറുതും വലുതുമായ വ്യവസായങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. നോട്ടുനിരോധനം, ജി.എസ്.ടി എന്നിവയെ തുടർന്ന് നിലനില്‌പ് പ്രതിസന്ധിയിലായതോടെയാണ് മേഖലയിലെ ചെറുകിട സ്ഥാപനങ്ങളെല്ലാം ഷട്ടറിട്ടത്. വലിയ സ്ഥാപനങ്ങൾ തങ്ങളുടെ വികസന പദ്ധതികളുടെ ഭാഗമായുള്ള പുതിയ ഫാക്‌ടറികൾ തമിഴ്‌നാട്ടിലേക്ക് പറിച്ചുനടുകയാണ്. മൂന്ന് വർഷത്തിനിടെ പുതുതായി ഒരു സ്ഥാപനവും കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് കാലെടുത്തുവെച്ചിട്ടില്ലെന്നത് പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നു.

കാഴ്ചപ്പാടിൽ സമൂലമായ

മാറ്റം അനിവാര്യം

കേരളത്തിൽ വ്യവസായം ആരംഭിക്കണമെന്നത് സംരംഭകന്റെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ വരുന്നതിൽ സമൂഹത്തിനും ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. ഈ കാഴ്ചപ്പാടാണ് കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണം. വ്യക്തമായ നയരൂപീകരണത്തിലൂടെയും അത് കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണെങ്കിലും അതിനുള്ള ശ്രമം സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രധാന പ്രതിസന്ധി. 2019ലെ കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം പുതുശേരി മുതൽ വാളയാർ വരെയുള്ള എട്ടു കിലോമീറ്റർ പരിധിയിൽ 700ഓളം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യം, വെള്ളം, മാലിന്യ നിർമാർജന സംവിധാനം, മുടക്കമില്ലാത്ത വൈദ്യുതി എന്നിവയെല്ലാം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനില്‌ക്കുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ മുപ്പതോളം യൂണിറ്റുകൾ മാത്രമാണ് പ്രധാന റോഡരികിൽ പ്രവർത്തിക്കുന്നത്, ബാക്കിയുള്ള യൂണിറ്റുകളെല്ലാം ഉൾപ്രദേശങ്ങളിലാണുള്ളത്. ഈ യൂണിറ്റുകളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇൻ‌ഡസ്ട്രിയൽ ഫോറം അധികൃതരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം പരിഗണിച്ച് 2017ലാണ് മേഖലയിലെ ഇടറോഡുകൾ നവീകരിക്കാൻ അനുമതി ലഭിച്ചത്. നാല് വർഷമെടുത്തു നവീകരണം പൂർത്തിയാക്കാൻ. കൂടാതെ പി.ഡബ്ല്യു.ഡി റോഡുകളും മറ്റും ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ടാറിന്റെയോ മെറ്റലിന്റെയോ പൊടി പോലും ഈ റോഡുകളിൽ കണ്ടെത്തുക അസാധ്യം. ഗതാഗത യോഗ്യമല്ലാത്ത റോഡിലൂടെ ലോഡ് കയറ്റിപ്പോകാൻ ഡ്രൈവർമാർ പലപ്പോഴും തയ്യാറാകാത്ത അവസ്ഥയാണ്. കൂടാതെ വ്യവസായത്തിനാവശ്യമായ വെള്ളമെത്തുന്നത് അപൂർവം സ്ഥലങ്ങളിൽ മാത്രം. മാലിന്യ നിർമാർജനം പല യൂണിറ്റുകളും സ്വന്തമായിത്തന്നെയാണ് ചെയ്യുന്നത്. ഒന്നേകാൽ ലക്ഷത്തോളം തൊഴിലാളികൾ മേഖലയിൽ ജോലിചെയ്യുന്നുണ്ട്. ഇവയിൽ നല്ലൊരുഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് താമസിക്കാനായി സർക്കാർ ആരംഭിച്ച അപ്നാഘർ പദ്ധതി മാത്രമാണ് ഏക ആശ്വാസം.

വൈദ്യുതി മുടക്കമില്ലാതെ വേണം

മുടക്കില്ലാത്ത വൈദ്യുതിയാണ് കഞ്ചിക്കോട്ടെ വ്യവസായ സംരംഭകരുടെ കാലങ്ങളായുള്ള ആവശ്യം. പവർക്കട്ടില്ലാതെ ഒരു ദിവസംപോലും കടന്നുപോകാറില്ലെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഭാരവാഹികൾ പറയുന്നു. 2015 - 16 കാലഘട്ടത്തിൽ മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ 15-ാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇപ്പോൾ ആദ്യ അഞ്ചിലാണ്. പോസ്റ്റ് മോഡേൺ സാങ്കേതികവിദ്യയിലേക്ക് മാറിയതാണ് അതിനുള്ള കാരണം. ഭൂമിക്കടിയിലൂടെ കേബിളുകൾ വലിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കൂടാതെ ഫാൾസ് ഡിറ്റെക്ഷൻ സിസ്റ്റവും അവരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കേരളം ഇപ്പോഴും പോസ്റ്റിടലും കമ്പിവലിക്കലുമായാണ് മുന്നോട്ട് പോകുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. പുതിയ കാര്യങ്ങൾ പഠിക്കുകയും പ്രായോഗിക തലത്തിൽ ഉപയോഗിക്കാനും ജനങ്ങളും ഭരണകൂടവും തയ്യാറാകണം.

കഞ്ചിക്കോട് മേഖലയിലെ വൈദ്യുതി വിതരണ ശൃംഖല 35 വർഷത്തോളം പഴക്കമുള്ളതാണ്. അന്ന് 500ഓളം സ്ഥാപനങ്ങളുടെ ആവശ്യത്തിനായി മാത്രം രൂപീകരിച്ച ശൃംഖലയിലൂടെ 700ഓളം കമ്പനികൾക്ക് വൈദ്യുതി എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഇതുകൂടാതെ കെ.എസ്.ഇ.ബിയിൽ നൈറ്റ് ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണം. അനുബന്ധ സൗകര്യം ഉറപ്പാക്കണം. നൈറ്റ് ഷിഫ്റ്റിന്റെ അഭാവം കാരണം രാത്രികാലങ്ങളിൽ പവർ ഓഫായാൽ പിറ്റേന്നു ഉച്ചവരെ കമ്പനികളുടെ പ്രവർത്തനം നിറുത്തിവയ്ക്കേണ്ടിവരും. ഇത് കേരളത്തിന്റെ മാത്രം ദുരവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വൈദ്യുതി ചാർജാണ് കേരളം ഈടാക്കുന്നത് എന്നതിനാൽ മുടക്കം കൂടാതെ കറന്റ് നൽകുന്നതിൽ സംസ്ഥാനം വീഴ്ചവരുത്തുന്നത് അംഗീകരിക്കാനാവില്ല. സമീപകാലത്ത്

വൈദ്യുതി നിരക്ക് ഉയർത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ഉത്പാദനം കുറയ്ക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതമാകുന്നു. വൈദ്യുതി നിരക്ക് വർദ്ധന നിലവിൽ ഇരുട്ടടിയായിരിക്കുന്നത് ഇവിടുത്തെ ടെക്‌സ്‌റ്റൈൽ മേഖലയ്ക്കാണ്. നിരക്കുവർദ്ധന വൻ തിരിച്ചടിയായതോടെ ടെക്‌സ്‌റ്റൈൽ മേഖലയിലുള്ളവർ ദിവസം ഒരു ലക്ഷം രൂപയിലധികം നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന മലബാർ സിമന്റ്‌സ് പ്രതിമാസം 50 ലക്ഷം രൂപയുടെ അധികബാദ്ധ്യതയാണ് നേരിടുന്നത്. ഗ്ലാസ് നിർമാണത്തിനുള്ള സിലിക്കണും മറ്റ് അസംസ്‌കൃത വസ്തുക്കളും നിർമ്മിക്കുന്ന സെയിന്റ് ഗൊബെയ്‌ൻ പ്രതിമാസം 35 ലക്ഷം രൂപയുടെയും, പ്രീകോട്ട് മെറീഡിയൻ ടെക്‌സ്‌റ്റൈൽസിന് 30ലക്ഷം രൂപയുടെയും അധിക ചെലവുണ്ടാകും.

സമരസപ്പെടാത്ത സമരങ്ങൾ

സമീപകാലത്ത് കഞ്ചിക്കോട് മേഖലയിൽ നിന്നുയർന്നു കേൾക്കുന്നതൊക്കെയും തൊഴിൽ പ്രശ്‌നങ്ങളെക്കുറിച്ചും ട്രേഡ് യൂണിയൻ സമരങ്ങളെ കുറിച്ചുമാണ്. കമ്പനികളുടെ പ്രവർത്തനം തന്നെ നിലച്ചുപോകുന്ന തരത്തിലാണ് സമര പരിപാടികൾ. വർഷങ്ങൾക്ക് മുമ്പ് 3000 സ്ത്രീകൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുമായി വന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ച് പോകാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. പ്രമുഖ സോപ്പ് നിർമാതാക്കളായ ഗുഡ്ബയ് സോപ്‌സ് തങ്ങളുടെ പുതിയ ഫാക്ടറിയുടെ പ്രവർത്തനം കോയമ്പത്തൂരിലേക്കാണ് മാറ്റിയത്. മാരിക്കോ, വരുൺ ബ്രൂവറീസ്, കൊക്കക്കോള തുടങ്ങിയവരെല്ലാം വ്യവസായങ്ങൾ കേരളത്തിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയാണ്.

നിർജീവമായി ജില്ലാ വ്യവസായ കേന്ദ്രം

വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനും പുതിയ സംരംഭകർക്ക് സഹായം ചെയ്യുന്നതിനുമാണ് ഓരോ ജില്ലയിലും വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവരിൽ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തത് പുതിയ സംരംഭകർക്ക് തിരിച്ചടിയാകുന്നു. രണ്ട് പതിറ്റാണ്ടായി ജില്ലാ വ്യവസായ കേന്ദ്രം പാലക്കാട് പുതിയ ഭൂമി ഏറ്റെടുത്തിട്ട്. പൂട്ടിപ്പോയ വ്യവസായങ്ങളുടെ സ്ഥലം തിരിച്ചുപിടിക്കുന്നത് ചിലയിടങ്ങളിൽ നടന്നതൊഴിച്ചാൽ പുതിയ അപേക്ഷകൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ഇതോടെ വർഷങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്നവർ നിരവധിയാണ്. ഇവിടെ വ്യവസായം ആരംഭിക്കണമെന്നത് സംരംഭകന്റെ മാത്രം ആവശ്യമാണ്. മറ്റാർക്കും അതിൽ ഉത്തരവാദിത്തമില്ല. ഈ കാഴ്ചപ്പാടിൽ മാറ്റംവരാതെ പുരോഗതി സ്വപ്നം കാണുന്നതിൽ അർത്ഥമില്ലെന്നാണ് വ്യവസായികൾ പറയുന്നത്.

റെയിൽവേ കോച്ച് ഫാക്ടറിക്കായി 406 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും പദ്ധതി സ്വപ്നം മാത്രമായ സ്ഥിതിക്ക് അത് വിനിയോഗിക്കാനുള്ള നടപടിയുണ്ടാകുന്നില്ല. കിൻഫ്രയിൽ തന്നെ ഇനിയും 30 ഏക്കർ വിറ്റുപോകാനുണ്ട്. 350 ഏക്കറോളം ടെക്‌സ്‌റ്റൈൽ പാർക്കിനായി നീക്കി വെച്ചതിലും വ്യവസായങ്ങളൊന്നുമില്ല. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനുവേണ്ടി നീക്കിവെച്ച 200 ഏക്കറും 12 വർഷമായി ഉപയോഗിക്കാതെ

കിടക്കുന്നു.


സംരംഭകരെ സ്വാഗതം ചെയ്ത് തമിഴ്‌നാട്
കേരളം വ്യവസായികളോട് പുറംതിരിഞ്ഞു നിൽക്കുമ്പോൾ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി തമിഴ്‌നാട് വ്യവസായികളെ മാടിവിളിക്കുകയാണ്. ഇവിടെ ലഭിക്കുന്നതിന്റെ പകുതി വിലയ്ക്ക് അവിടെ ഭൂമി ലഭിക്കും. വ്യവസായ ആവശ്യത്തിന് വൈദ്യുതി നിരക്ക് കൂടുതലാണെങ്കിലും മുടങ്ങാതെ ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളും വ്യവസായ സൗഹൃദത്തിന് പേരുകേട്ടവയാണ്. എല്ലാറ്റിനുമുപരി വ്യവസായം വളർന്നു വരണമെന്ന് മനസുള്ള ജനങ്ങളും സർക്കാരുമവിടെയുണ്ട്. എട്ടു കിലോമീറ്റർ കഴിഞ്ഞാൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ എല്ലാവിധ സൗകര്യങ്ങളും നൽകുന്ന തമിഴ്‌നാട് ഉണ്ടെന്നിരിക്കെ പുതിയ സംരംഭകർ കഞ്ചിക്കോടിന്റെ പടികടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല.

പ്രതിവർഷം ഒരുലക്ഷം കോടിയിലേറെ രൂപയുടെ ഉത്പന്നങ്ങളാണ് കേരളം ഇറക്കുമതിചെയ്യുന്നത്. കേരളത്തിൽ പുതിയ സംരംഭകരെ പിന്തുണച്ചാൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാം. അതിന് വ്യക്തമായ വികസന കാഴ്ചപ്പാടും നിശ്ചയദാർഢ്യവുമാണ് ആവശ്യം.