drunkards

മണ്ണാർക്കാട്: ചേലേങ്കര പച്ചക്കാട് പ്രദേശത്ത് അനധികൃത മദ്യവിൽപ്പന വ്യാപകമെന്ന് പരാതി. പ്രദേശത്തെ തന്നെ ചിലർ ബീവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി പ്രദേശത്ത് വൈകിട്ട് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇത്തരം സംഘങ്ങൾക്ക് അടിമപ്പെടുന്നുവെന്നാണ് വിവരം.

ചേലേങ്കരയിൽ മദ്യവിൽപ്പന നടത്തുന്നവരുടെ വീടിന്റെ പരിസരത്ത് തന്നെയാണ് ഇത് സൂക്ഷിക്കുന്നതും വിൽക്കുന്നതും. പണം വച്ചുള്ള ചീട്ടുകളിയും പ്രദേശത്ത് നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. ലോക് ഡൗൺ മൂലം അടുത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റ് തുറക്കാത്തതിനാൽ പാലക്കാട് ഉൾപ്പെടെയുള്ള ദൂരസ്ഥലങ്ങളിൽ പോയി വാങ്ങിച്ചാണ് മദ്യവിൽപ്പന.

മദ്യം വാങ്ങാൻ പോയ രണ്ടുപേരെ കഴിഞ്ഞ ദിവസം പറളി എക്‌സൈസ് അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് പിടികൂടിയിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. പ്രദേശത്തെ മദ്യവിൽപ്പനയ്ക്ക് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരസ്പരം അറിയുന്നവരാണ് മദ്യവിൽപ്പന നടത്തുന്നത് എന്നതിനാൽ പൊലീസിൽ പരാതിപെടാനും ആരും തയ്യാറാകുന്നില്ല. നഗരത്തിന്റെ മറ്റു പല പ്രദേശങ്ങളിൽ നിന്നും സമാന പരാതികൾ ഉയരുന്നുണ്ട്.