മണ്ണാർക്കാട്: നൊട്ടമ്മലയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയും എതിരെ വന്ന കണ്ടെയ്‌നറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചരക്ക് ലോറി ഡ്രൈവറായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ബാലകുമാർ (42) ആണ് മരിച്ചത്.
ഇടിയിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ക്ലീനർക്ക് നിസാര പരിക്കാണുള്ളത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കയറി വന്ന കണ്ടെയ്‌നർ ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.