കൊല്ലങ്കോട്: വില്ലേജ് ഓഫീസ് വളപ്പിലെ വലിയ പുളിമരം കടപുഴങ്ങി വീണ് സമീപത്തെ ഓടിട്ട വീട് പൂർണമായും തകർന്നു. കൊല്ലങ്കോട് രണ്ടാം നമ്പർ വില്ലേജ് ഓഫീസ് വളപ്പിലെ 150 വർഷത്തിലേറെ പഴക്കമുള്ള പുളിമരം ബുധനാഴ്ച രാവിലെ 9.30ന് കടപുഴങ്ങി സമീപത്തെ എൻ.കെ. ഗോപാലിന്റെ ഓടിട്ട വീടിനു മുകളിൽ വീഴുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന ഗോപാലും കുടുംബാംഗങ്ങളും മരം കടപുഴങ്ങുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും നശിച്ചതിനാൽ ഗോപാലും കുടുബവും ബന്ധുവീട്ടലേക്ക് താത്കാലികമായി താമസം മാറ്റി. റവന്യൂ ഉദ്യോഗസ്ഥരെത്തി നഷ്ടം വിലയിരുത്തി.