road
​മം​ഗ​ലം​ ​-​ ​ഗോ​വി​ന്ദാ​പു​രം​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​മു​ട​പ്പ​ല്ലൂ​ർ​ ​ഉ​രി​യ​രി​ക്കു​ടം​ ​മു​ത​ൽ​ ​ചി​റ്റി​ല​ഞ്ചേ​രി​ ​വ​രെ​യു​ള്ള​ ​ഭാ​ഗം​ ​ത​ക​ർ​ന്ന​ നിലയിൽ.

വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ ഉരിയരിക്കുടം മുതൽ ചിറ്റിലഞ്ചേരി വരെയുള്ള ഭാഗം തകർന്നതിനാൽ യാത്ര ദുസ്സഹം. നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 45 കിലോമീറ്റർ ദൂരമുള്ള അന്തർ സംസ്ഥാന പാതയുടെ മറ്റു ഭാഗങ്ങളെല്ലാം കഴിഞ്ഞ മാർച്ചിന് മുമ്പേ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

എന്നാൽ കൂടുതൽ തകർന്നു കിടക്കുന്ന ഉരിയരിക്കുടം മുതൽ ചിറ്റിലഞ്ചേരി വരെയുള്ള നാല് കിലോമീറ്റർ റോഡ് മാത്രം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. വർഷകാലമായതോടെ ദുരിതം ഇരട്ടിയായിട്ടുണ്ട്. വെള്ളം കെട്ടിക്കിടന്നും ചരക്കു വാഹനങ്ങങൾ കയറിയിറങ്ങിയും ചെറിയ കുഴികൾക്ക് വലുപ്പം കൂടിയതോടെ വാഹനയാത്രയും കാൽനടയാത്രയും ദുസ്സഹമായി.

കുഴികൾ കണ്ട് വെട്ടിക്കുന്ന കാറുകളും ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. പ്രദേശവാസികളുടെയും യാത്രക്കാരുടെയും പരാതി ഉയരുമ്പോൾ കല്ലും പാറപ്പൊടിയും ഇട്ട് താത്കാലികമായി അടയ്ക്കുമെങ്കിലും വീണ്ടും മഴ പെയ്യുമ്പോൾ ഒഴുകിപ്പോകുകയാണ്.

നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാൽ നാട്ടുകാരും യാത്രക്കാരും കെ.ഡി. പ്രസേനൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് നിവേദനം നൽകി കാത്തിരിപ്പാണ്.

കോൾഡ് ടാർ ഉപയോഗിച്ചും വർഷകാലത്ത് കുഴി അടയ്ക്കാമെന്നിരിക്കെ ക്വാറി അവശിഷ്ടം കുഴികളിലിട്ട് അധികൃതർ പാഴ്‌വേല നടത്തുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തമിഴ്നാട്ടിലേക്കുള്ള പ്രധാന റോഡ്

തമിഴ്‌നാടുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പാലക്കാട് ചുരത്തിലെ തെക്കുഭാഗത്തുള്ള പ്രധാന റോഡിലാണ് ഈ ദുരവസ്ഥ. 45 കിലോ മീറ്റർ ദൂരമുള്ള പാതയെ 2007ൽ സംസ്ഥാന പാതയായി ഉയർത്തിയിരുന്നു. ഫണ്ട് പരിമിതികളുണ്ടായിരുന്നെങ്കിലും 2010ലാണ് ലഭ്യമായ സ്ഥലങ്ങളിലെല്ലാം ടാർ ചെയ്ത് താത്കാലികമായി വീതി കൂട്ടിയെടുത്ത് രണ്ടു വരിപ്പാതയാക്കിയത്. അടുത്തിടെ ദേശീയ പാതയാക്കി പ്രഖ്യാപിച്ചെങ്കിലും മറ്റൊന്നും നടന്നിട്ടില്ല. പ്രധാന പട്ടണങ്ങളായ വടക്കഞ്ചേരി, മുടപ്പല്ലൂർ, ചിറ്റിലഞ്ചേരി, നെന്മാറ, വല്ലങ്ങി, കൊല്ലങ്കോട് വഴി തമിഴ്‌നാട് അതിർത്തിയായ ഗോവിന്ദാപുരം വഴി പൊള്ളാച്ചിയിൽ എത്തിച്ചേരുന്നതാണ് ഈ പാത.