euclid-garden

പാലക്കാട്: കണക്കിലെ സൂത്രവാക്യങ്ങൾ ചോദിക്കാൻ ഏതു ചാക്കോ മാഷ് വന്നാലും ഹേമാംബികനഗർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇനി ബ.. ബ്ബ.. ബ്ബ.. പറയില്ല.​ കണക്കിലെ സൂത്രവാക്യങ്ങൾ അവർക്ക് കളിക്കൂട്ടുകാരാണ്. എല്ലാം ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. അക്കങ്ങളും സൂത്രവാക്യങ്ങളും ഗണിതപഠനത്തിനിടയിൽ വരുന്ന ജ്യാമിതീയ രൂപങ്ങളും വിദ്യാലയത്തിന് മുന്നിൽ സിമന്റിൽ സജ്ജം.

കുട്ടികളെ പ്രകൃതിയോട് അടുപ്പിച്ച് ഗണിതപഠനം രസകരമാക്കുകയാണ് ലക്ഷ്യം. പ്രാഥമിക തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന വിധമാണ് യൂക്ലിഡ് എന്ന പേരിലുള്ള ഗാർഡൻ ഒരുക്കിയത്.

കഴിഞ്ഞ മാർച്ചിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ലോക്ക് ഡൗൺ മൂലം മുടങ്ങി. ഈ ജൂൺ മാസത്തോടെ പൂർത്തിയായി.

സിമന്റ്,​ കമ്പി,​ മണൽ മെറ്റൽ, പെയിന്റ് തുടങ്ങിയവ ഉപയോഗിച്ച് ഇവ നിർമ്മിച്ചതിന് എകദേശം 45,​000 രൂപ ചെലവായി. ഗണിത അദ്ധ്യാപികയായ മിനിയുടെ ആശയമാണിത്. സ്കൂളിൽ നിന്ന് അനുവദിച്ച ചെറിയ തുകയും മിനിക്ക് ലഭിച്ച എൻ.സി.ഇ.ആർ.ടി സ്കോളർഷിപ്പ് തുകയും വിനിയോഗിച്ചു.

പ്രധാന അദ്ധ്യാപിക പി.കെ. ശോഭനയുടെ മേൽനോട്ടത്തിൽ മണ്ണാർക്കാട്ടെ നിർമ്മാണ തൊഴിലാളികളാണ് രൂപങ്ങൾ നിർമ്മിച്ചത്.

`മാത്‌സ് ഗാർഡന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾക്ക് അയച്ചുകൊടുക്കുമ്പോൾ കാണാനുള്ള കൗതുകം കൊണ്ട് പലരും വിളിക്കുന്നുണ്ട്. കണക്കിനെ യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പ്രചോദനമായി. ഗ്രീക്ക് ഗണിതജ്ഞനായ യൂക്ലിഡിന്റെ പേരാണ് ഗാർഡനിട്ടത്.

​- മിനി, ഗണിത അദ്ധ്യാപിക