palam
കാട്ടുചോലക്ക് കുറുകെ നിർമ്മാണം പൂർത്തിയാക്കിയ പാലത്തിലൂടെ ജീപ്പ് ഓടിച്ച് ട്രയൽ റൺ നടത്തിയപ്പോൾ.

മംഗലംഡാം: വനത്തിനകത്തെ തളികകല്ല് ആദിവാസികൾക്ക് പുറം ലോകത്തെത്താൻ ഇനി വള്ളികളിൽ തൂങ്ങി പോത്തംതോട് കടക്കേണ്ട. കാട്ടുചോലയ്ക്ക് കുറുകെ നിർമ്മാണം പൂർത്തിയാക്കിയ പാലത്തിലൂടെ കഴിഞ്ഞ ദിവസം ജീപ്പ് ഓടിച്ച് ട്രയൽ റൺ നടത്തി. പാലം പണി നടത്തിയിരുന്നെങ്കിലും രണ്ടുഭാഗവും കൂട്ടിമുട്ടിക്കുന്ന അപ്രോച്ച് റോഡിന്റെ പണി കഴിഞ്ഞിരുന്നില്ല. ഇവിടെ താത്കാലികമായി ക്വാറിവേസ്റ്റ് ഇട്ട് നികത്തിയാണ് വാഹനം കടന്നു പോകാൻ ഇപ്പോൾ സൗകര്യം ഒരുക്കിയത്. ഉടൻ ഇവിടെ കോൺക്രീറ്റ് മതിൽ നിർമ്മിച്ച് അപ്രോച്ച് റോഡ് ബലപ്പെടുത്തും.

മൂന്നുപതിറ്റാണ്ട് കാലത്തെ മുറവിളികൾക്കൊടുവിൽ പോത്തംതോട്ടിൽ കാട്ടുചോലയ്ക്കു കുറുകെ പാലം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തളികകല്ലിലെ ആദിവാസി കുടുംബങ്ങൾ. മഴക്കാലത്ത് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടർ വിഭാഗത്തിലുള്ള 55ലേറെ കുടുംബങ്ങളും. 26 മീറ്റർ നീളം വരുന്ന പാലം മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയുമുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് പാലം നിർമ്മിച്ചത്.

മരിച്ച ഊരുമൂപ്പൻ രാഘവന്റെ നിരന്തര ശ്രമഫലമായിട്ടാണ് കോടതി ഇടപെടലിലൂടെ കോളനിയിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം നടന്നത്. കോളനിയിൽ പുതിയ 40 വീടുകൾ നിർമ്മിക്കുന്നതും കുടിവെള്ള പദ്ധതിക്ക് വഴിയായതും രാഘവന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു. ഉൾക്കാടുകളിൽ പലയിടത്തായി പാറയിടുക്കുകളിലും മറ്റും കഴിഞ്ഞിരുന്ന കുടുംബങ്ങളെ ഒന്നിച്ച് തളികകല്ലിൽ സമൂഹമായി താമസിപ്പിക്കുന്നതിനും രാഘവനായിരുന്നു നേതൃത്വം വഹിച്ചത്.

26 മീറ്റർ നീളം വരുന്ന പാലം മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയുമുണ്ട്. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറയ്ക്കാൻ ചെരിച്ചാണ് പാലം പണിതിട്ടുള്ളത്. ഏറെക്കാലം നിലനിൽക്കും വിധമാണ് റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം.

- എം. ഗിരീഷ്, നിർമ്മിതികേന്ദ്രം റീജണൽ എൻജിനിയർ

പോത്തംതോട്ടിൽ പാലം വന്നാൽ ചികിത്സയ്ക്കും മറ്റും കാൽനടയായെങ്കിലും വാഹനം എത്തുന്ന സ്ഥലത്തെത്താമെന്ന മോഹമായിരുന്നു ആദിവാസികൾക്ക്. ഇതിനിടെയാണ് 2004 ആഗസ്റ്റ് അഞ്ചിന് തോടുമുറിച്ച് കടക്കുന്നതിനിടെ മലവെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ഏഴു വയസുകാരി മരിച്ചത്. തൃശൂർ വെള്ളിക്കുളങ്ങരക്കടുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ രാമന്റെ മകൾ മിനിമോളാണ് അന്ന് ഒഴുക്കിൽപ്പെട്ട് മരിച്ചത്. തളികകല്ലിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു മിനിമോൾ. ഈ സംഭവത്തോടെ പോത്തംതോട്ടിൽ പാലം എന്ന ആവശ്യത്തിന് ചൂടുപകർന്നു.

തുടർന്ന് 2007 ജൂണിൽ വനംവകുപ്പ് നേരിട്ട് കോളനിയിലേക്ക് റോഡും പാലവും നിർമ്മിക്കാൻ പണിതുടങ്ങി. എന്നാൽ ആ വർഷം ജൂലായിലുണ്ടായ അതിവർഷത്തിൽ നിർമ്മിച്ച റോഡ് മലവെള്ളത്തിൽ ഒലിച്ചുപോയി. അതോടെ വനംവകുപ്പും പണികൾ നിറുത്തിവച്ചു. മൂപ്പൻ രാഘവൻ റോഡിനായുള്ള തന്റെ ശ്രമങ്ങൾ തുടർന്നു. വാർഡ് മെമ്പർ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്കെല്ലാം നിവേദനങ്ങളുമായി വിവിധ ഓഫീസുകൾ കയറിയിറങ്ങി. ഒടുവിൽ മൂപ്പൻ അടിസ്ഥാന സൗകര്യ വികസനത്തിനായി കോടതിയെ സമീപിച്ചാണ് ഒരു വർഷം മുമ്പ് കോളനി വികസനത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചത്. കോളനിയിൽ വീടുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.