മണ്ണാർക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ജോർജ് വർഗീസിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതി പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. മാനസികമായും തളർന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരം പൊലീസിന് കൈമാറുകയായിരുന്നു.