suspension

പാലക്കാട്: വടക്കഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചിരുന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കാൻ ഉത്തരവിട്ടതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്. രാജൻ, ആലത്തൂർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന കെ.എസ്.പ്രശോഭ്, കുഴൽമന്ദം റേഞ്ച് ഇൻസ്പെക്ടർ ജി.സന്തോഷ് കുമാർ, പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറായിരുന്ന വി.അനൂപ്, ആലത്തൂർ റേഞ്ച് സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജശേഖരൻ, എക്സൈസ് ഇൻസ്പെക്ടർമാരായ എ.ഷൗക്കത്തലി, കൃഷ്ണൻ നായർ, മധു, പി.ബി.രതീഷ്, പ്രവന്റീവ് ഓഫീസർമാരായ എം.ആർ.സുജീപ് റോയ്, ടി.ജെ.ജയകുമാർ, ആർ.വിനോദ്കുമാർ, രാജ്കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നടപടി നേരിട്ട ഒരു ഉദ്യോഗസ്ഥൻ ജോലിയിൽ നിന്ന് വിരമിച്ചു. എന്നാലും അദ്ദേഹത്തിന് മറ്റ് അന്വേഷണ നടപടികൾ നേരിടേണ്ടി വരും.

ആലത്തൂർ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണിൽ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് വടക്കഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടിൽ നിന്ന് 1312 ലിറ്റർ സ്പിരിറ്റ്, 2220 ലിറ്റർ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്. തുടർന്ന് എക്‌സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരശോധനയിൽ ഈ വീട്ടിൽ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ സ്റ്റേറ്റ്‌മെന്റ്, ചില ക്യാഷ് ബുക്കുകൾ, വൗച്ചറുകൾ എന്നിവ കണ്ടെടുത്തിരുന്നു. ഈ രേഖകളിൽ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭിച്ചത്.

എക്‌സൈസ് വകുപ്പിന്റെ സ്തുത്യർഹമായ ഇടപെടലിന്റെ ഭാഗമായാണ് അവിശുദ്ധ ബന്ധത്തെ തകർക്കാനും വ്യാജകള്ള് ലോബിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. എക്സൈസ് വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

സംഭവത്തിൽ ഒമ്പത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമഗ്രവും വിശദവുമായ അന്വേഷണം നടത്താനാണ് വിജിലൻസിനെ ഏൽപ്പിക്കുന്നത്. രഹസ്യവിവരത്തെ അടിസ്ഥാനമാക്കി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിൽ വിജയിച്ച എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ടി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മന്ത്രി അഭിനന്ദിച്ചു