ചെർപ്പുളശ്ശേരി: നെല്ലായ നഗരത്തിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയിൽ നിന്ന് രണ്ടു കിന്റൽ റബ്ബർ ഷീറ്റുകൾ മോഷണംപോയി. റാഹത്ത് റബ്ബേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഏകദേശം 35,000 രൂപയുടെ റബ്ബർ ഷീറ്റുകൾ നഷ്ടമായത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി 12.30ഓടെ സ്ഥാപനത്തിലെത്തിയ മോഷ്ടാക്കൾ കമ്പിപ്പാരയും ബ്ലേഡും ഉപയോഗിച്ച് പൂട്ട് തുറന്നാണ് അകത്തുകടന്നത്. രണ്ടുപേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നത്. ഇതിനായി ഉപയോഗിച്ച ബ്ലേഡ് കടക്ക് സമീപം ഉപേക്ഷിച്ചിട്ടുണ്ട് മേശവലിപ്പ് കുത്തി തുറന്ന് പണം മോഷ്ടിക്കാനുള്ള ശ്രമവും ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ, കടയിൽ പണം സൂക്ഷിച്ചിരുന്നില്ല. പുലർച്ചെ 4.30 വരെ മോഷ്ടക്കൾ കടയിൽ തങ്ങിയതായും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയുടമയുടെ പരാതിയിൽ ചെർപ്പുളശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃക്കടീരി ആറംകുന്നത്ത് കാവിൽ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഇതോടെ മേഖലയിൽ രാത്രിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.