rain
വീടിന്റെ മുറ്റം ഇടിഞ്ഞു താഴ്ന്ന നിലയിൽ

ചെർപ്പുളശ്ശേരി: കാലവർഷം കനത്തതോടെ ചെർപ്പുളശ്ശേരി 23-ാം വാർഡ് കോട്ടക്കുന്ന് നിവാസികൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. കോട്ടകുന്നിന്റെ താഴ്വാരത്തിലുള്ള കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയിൽ താഴ്വാരത്തെ കുന്നത്ത് രാമചന്ദ്രന്റെ വീടിന്റെ മുറ്റമുൾപ്പെടുന്ന ഭാഗം ഇടിഞ്ഞുവീണു. സംഭവസമയം ആരും മുറ്റത്തിറങ്ങി നിൽക്കാത്തതിനാൽ അപകടം ഒഴിവായി. വിണ്ടു കീറിയിരുന്ന മുറ്റം ഏത് സമയവും ഇടിഞ്ഞുവീഴുന്ന സ്ഥിതിയിലാണ് ഉണ്ടായിരുന്നതെന്ന് രാമചന്ദ്രന്റെ ഭാര്യ ഗീത പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.

പി. മമ്മിക്കുട്ടി എം.എൽ.എ, നഗരസഭ ചെയർമാൻ പി.രാമചദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി സി.ജയകൃഷ്ണൻ
ഏരിയ കമ്മിറ്റി അംഗം കെ.നന്ദകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഓരോ മഴക്കാലത്തും പേടിയോടെയാണ് കോട്ടക്കുന്നിന് താഴ് വാരത്തെ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. ഇവരുടെ പ്രശ്‌നത്തിന് ശാശ്വതമായൊരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് എം.എൽ.എയും, നഗരസഭാ അധികൃതരും പറഞ്ഞു.