പാലക്കാട്: നഗരത്തിലെ ഷോറൂമിൽ വില്പനയ്ക്കായി വച്ചിരുന്ന യമഹ ബൈക്കുകൾ ഉൾപ്പെടെ നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. തൃശൂർ പഴയന്നൂർ തിരുവില്വാമല കണിയാർകോട് സ്വദേശി വിഷ്ണു, കണ്ണാടി ചാത്തൻകുളങ്ങര സുഭാഷ് (19) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പട്ടിക്കരയ്ക്കടുത്തുള്ള ഷോറൂമിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി സംഘം വില്പനയ്ക്കായി നിർത്തിയിരുന്ന രണ്ടു ബൈക്കുകൾ മോഷ്ടിച്ചു.
ടൗൺ നോർത്ത് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ആർ.സുജിത് കുമാർ, സബ് ഇൻസ്‌പെക്ടർ സി.കെ.രാജേഷ്, ജി.എസ്.ഐ. വി.നന്ദകുമാർ, എസ്.സി.പി.ഒ പി.എച്ച്.നൗഷാദ്, സി.പി.ഒമാരായ എം.സതീഷ്, ആർ.രഘു, എം.മഹേഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ദിവസങ്ങളോളം നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ടുപേരും ജില്ലയിലെ നിരവധി കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതി വിഷ്ണുവിനെതിരെ മറ്റു ജില്ലകളിലും പോക്‌സോ ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്.
മോഷണം നടത്തിയ വാഹനങ്ങൾ വിറ്റു ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനും ലഹരി വസ്തുക്കൾ വാങ്ങുന്നതിനുമായാണ് പ്രതികൾ ചെലവഴിക്കുന്നത്. പ്രതികൾ പിടിയിലായതോടെ ജില്ലയിലെ നാല് സ്‌റ്റേഷനുകളിലെ ആറോളം വാഹന മോഷണ കേസുകൾക്കാണ് തുമ്പ് ലഭിച്ചത്. ഒന്നാംപ്രതി വിഷ്ണുവിനെ തൃക്കാക്കര ബോസ്റ്റൽ സ്‌കൂളിലും രണ്ടാം പ്രതി സുഭാഷിനെ പാലക്കാട് ആലത്തൂർ സബ് ജയിലിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.