കൊല്ലങ്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കവർച്ച, മോഷണം, അടിപിടി, പോക്സോ, ലഹരികടത്ത്, പിടിച്ചുപറി തുടങ്ങി 50ലധികം കേസുകളിൽ ഉൾപ്പെട്ട് പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്നിരുന്ന അന്തർജില്ലാ മോഷ്ടാവിനെ കൊല്ലങ്കോട് പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ അണ്ടലൂർപേലയാട് സ്വദേശിയും പാലക്കാട് വടക്കഞ്ചേരിയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമൽജിത്താണ് ഇന്നലെ ഉച്ചയ്ക്ക് വടവന്നൂരിൽവച്ച് നടന്ന വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പലയിടത്തും പ്രതിയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനാൽ ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ഫോൺകേന്ദ്രീകരിച്ചും വാഹന പരിശോധനയും ഷാഡോ വർക്കും നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും കൈവശമുണ്ടായിരുന്ന രണ്ട് മൊബൈലും മോഷ്ടിച്ചതാണെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. ബൈക്ക് കഴിഞ്ഞ ഏപ്രിലിൽ ന്യൂമാഹിയിൽ നിന്നാണ് മേഷ്ടിച്ചത്. ഇയാൾക്കെതിരെ കണ്ണുർ, തൃശ്ശുർ, പാലക്കാട്, കോഴിക്കോട്, പയ്യന്നുർ എന്നിവിടങ്ങളിലായി നിരവധി കേസുകളുണ്ട്. സ്ഥിരമായി വാസസ്ഥലമോ ബന്ധങ്ങളോ ഇല്ലാത്ത പ്രതി സംസ്ഥാനത്തെ വിവിധ മോഷണക്കേസ് പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നയാളാണ്. ഒറ്റയ്ക്കും കൂട്ടായും മോഷണം, പിടിച്ചുപറി, ലഹരികടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ പോക്സോ, മനപൂർവ്വമല്ലാത്ത നരഹത്യകേസിലും പിടിക്കപ്പെട്ട് ജുവനൈൽ ഹോമിലും കണ്ണുർ സെൻട്രൽ ജയിലിലും കിടന്നിട്ടുണ്ട്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ ന്യൂമാഹിയിലെ ബൈക്ക് മോഷണം, വടക്കഞ്ചേരി കല്ലീങ്കൽപ്പാടത്തെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 4.5 പവൻ സ്വർണ മോഷ്ടിച്ചതും ചിറ്റിലഞ്ചേരി കാത്താംപൊറ്റ പെട്രോൾ പമ്പ് കുത്തിതുറന്ന് 24,000 രൂപമോഷ്ടിച്ചതും പാലക്കാട് ഗവ. ആശുപത്രിയുടെ പുറകിൽ സെക്യൂരിറ്റിക്കാരനെ കത്തികാണിച്ച് ഭീക്ഷണിപ്പെടുത്തി ഫോൺ കവർന്നതും ഉൾപ്പെടെ നിരവധി കേസുകളുടെ തുമ്പ് ലഭിച്ചു.
കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെക്ടർ എ.വിപിൻദാസ്, എസ്.ഐ കെ.ഷാഹുൽ, എസ്.സി.പി.ഒ ഉവൈസ്, സി.പി.ഒ എസ്.ജിജോ, രാജീദ്, സമീർ, വി.നിരോഷ, എസ്.എ.ഉണ്ണി, ഷാജു, സാജിദ്, ബൈജു, കൃഷ്ണദാസ്, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.