ചിറ്റൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പണികഴിച്ച നല്ലേപ്പിള്ളി പഞ്ചായത്തിലെ എരിശ്ശേരിനങ്ങാംകുറുശ്ശി റോഡിന്റെ അരികിടിഞ്ഞത് മൂലം ഇതുവഴിയുള്ള ഗതാഗതം ദുസ്സഹം. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയാണ് മാസങ്ങൾക്ക് മുമ്പ് റോഡ് നവീകരിച്ചത്.
ജല അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് ചാൽ കീറിയതാണ് തകർച്ചയ്ക്ക് കാരണം. ചാല് കീറുന്നതിനിടെ റോഡിന്റെ ഒരു വശത്തെ ടാറിട്ട ഭാഗം ഇടിഞ്ഞു പോകുകയായിരുന്നു.
അശാസ്ത്രീയമായി ജെ.സി.ബി റോഡിൽ ഊന്നിനിറുത്തി ചാൽ എടുത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം ഒന്നര കിലോമീറ്ററോളം ദൂരത്ത് നടുറോഡിലെ ടാറ് ഇളകിയ നിലയിലാണ്.
കൂടാതെ ഉപ റോഡുകൾ മുറിച്ച് ചാൽ കീറുകയും ചെയ്തിട്ടുണ്ട്. പൈപ്പിടൽ കഴിഞ്ഞെങ്കിലും പൊളിച്ച ഭാഗം ടാറിംഗ് നടത്തിയിട്ടില്ല. മഴ പെയ്തതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. എതിരെ വാഹനം വന്നാൽ സൈഡ് എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ട്.
എരിശ്ശേരിയിൽ നിന്നും നങ്ങാംകുറുശ്ശി കമ്പിളിച്ചുങ്കം വഴി പാലക്കാട്ടേക്കുള്ള ബൈപ്പാസ് റോഡിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. നവീകരണത്തിന് ശേഷം 5 വർഷം കഴിഞ്ഞാലും കേടുപാട് പറ്റാത്ത റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നതിന് കാരണം അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയും ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ കേടുപാടുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.