പാലക്കാട്: സിക്ക വൈറസ് ജില്ലയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധത്തിനും ചികിത്സയ്ക്കും ഭാരതീയ ചികിത്സാ വകുപ്പ് സജ്ജമായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു അറിയിച്ചു. നേരിയ പനി, ശരീരത്തിൽ ചുവന്ന പാടുകൾ, സന്ധിവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. കൊതുകുജന്യ രോഗമായതിനാൽ കൊതുക് കടി ഏൽക്കാതെ രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം.
സൂക്ഷ്മാണു നാശനത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ള അപരാജിത ധൂപചൂർണം എല്ലാ വീടുകളിലും സ്ഥാപനങ്ങളിൽ പതിവായി പുകയ്ക്കുന്നത് സിക്കാരോഗ പ്രതിരോധത്തിന് ഫലപ്രദമാണ്. പകൽ സമയത്തും വൈകീട്ടും കൊതുക് കടിയിൽ നിന്ന് സംരക്ഷണം തേടുക എന്നത് പ്രധാനമാണ്.
ഗർഭിണികൾ, ഗർഭധാരണത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ശ്രദ്ധപുലർത്തണം. കൊതുകിന്റെ ഉറവിടം നശീകരണവും പ്രധാനമാണ്. സിക്കാ രോഗ പ്രതിരോധത്തിന് ആരോഗ്യവകുപ്പ് നിർദേശിച്ച കാര്യങ്ങളോടൊപ്പം ഭാരതീയ ചികിത്സാ വകുപ്പിന്റെ മാർഗ്ഗങ്ങളും ഉൾപ്പെടുത്തിയാൽ രോഗബാധ പരമാവധി പൂർണമായും കുറയ്ക്കാനാവുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.