മണ്ണാർക്കാട്: തെങ്കരയിൽ ഭൂമി തട്ടിപ്പിനിരയായ കൊറ്റിയോട് ആമ്പാടത്ത് കോളനിയിൽ മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലെത്തി പൊലീസ്‌ മൊഴിയെടുത്തു.
കോളനിയിലെ താമസക്കാരും പരാതിക്കാരുമായ പത്തു കുടുംബങ്ങളിൽ നിന്നാണ് മൊഴിയെടുത്തത്. സർക്കാർ പദ്ധതിയുടെ മറവിൽ കോളനി നിവാസികളെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലായിരുന്നു മൊഴിയെടുക്കൽ.

പട്ടികജാതിക്കാർക്കു സർക്കാർ പദ്ധതിയിൽ അനുവദിച്ച സ്ഥലം വിൽപ്പന നടത്തിയതിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മണ്ണാർക്കാട് പൊലീസ് നേരത്തെ രണ്ട് കേസുകൾ എടുത്തിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന വിവരത്തെ തുടർന്നാണ് മൊഴിയെടുത്തത്. ഒരേ സ്ഥലം പലർക്കായി നൽകിയതായും കെ.എൽ.യു ഇല്ലാത്ത സ്ഥലം നൽകിയെന്നും കോളനി നിവാസികൾ പൊലീസിനു മൊഴി നൽകി.

ആധാരം ലഭിച്ച പലർക്കും സ്ഥലം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായിരുന്ന മുൻ പഞ്ചായത്ത് അംഗം കെ. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെങ്കരയിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അഭിപ്രായപ്പെട്ടിരുന്നു.
തട്ടിപ്പു നടത്തിയവർക്കെതിരെ കേസെടുക്കാൻ അദ്ദേഹം പൊലീസിനു നിർദേശം നൽകിയിരുന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രമ സുകുമാരൻ, പൊതു പ്രവർത്തകരായ ഭാവന ഉണ്ണിക്കൃഷ്ണൻ, പി. രവി, കെ.പ്രവീൺ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.