വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ വേളാമ്പുഴ- മാരിയപ്പാടം റോഡ് തകർന്നത് മൂലം യാത്രക്കാർ ദുരിതത്തിൽ. മഴ കനത്തതോടെ റോഡിലെ കുഴികളിലെല്ലാം വെള്ളക്കെട്ടാണ്. ഇത് കാൽനട യാത്ര പോലും ദുഷ്‌കരമാക്കുന്നു. കുഴികളിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വളരെ പ്രയാസപ്പെട്ടാണ് ഈവഴി പോകുന്നത്. വർഷങ്ങൾക്ക് മുമ്പാണ് റോഡ് പൂർണമായും ടാറിംഗ് നടത്തിയത്. ഇടയ്ക്ക് റോഡിൽ ഉണ്ടാകുന്ന കുഴികളിൽ അറ്റക്കുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും പഴയപടിയാവുകയാണ്.
ദിവസവും അമ്പതിലധികം ടിപ്പറുകളാണ് അമ്പിട്ടൻതരിശിലെ പാറമടകളിൽ നിന്നും ലോഡുമായി ഇതിലൂടെ പോകുന്നത്. ഇത് ഗ്രാമീണ റോഡുകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതാണ് റോഡുകളിൽ കുഴികൾ രൂപപ്പെടാനുള്ള പ്രധാന കാരണം.
വേളാമ്പുഴ മുതൽ മാരിയപ്പാടം വരെയുള്ള മൂന്ന് കിലോമീറ്റർ റോഡാണ് തകർന്നത്. മാരിയപ്പാടത്തു നിന്ന് വടക്കഞ്ചേരിയിലേക്കുള്ള റോഡും വേളാമ്പുഴയിൽ നിന്ന് നീതിപുരത്തിലേക്കുള്ള റോഡും മാസങ്ങൾക്ക് മുമ്പ് പൂർണമായും ടാർ ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് സ്ഥലത്തിലെയും നടുവിലെ ഭാഗം മാത്രം ടാറിംഗ് ചെയ്യാതെ ഒഴിച്ചിട്ടിരിക്കുകയാണ്.
ഉടൻ ടാറിംഗ് തുടങ്ങുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.