chicken

കൊല്ലങ്കോട്: മൂന്നാഴ്ച കൊണ്ട് ക്രമാതീതമായി കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കിലോയ്ക്ക് 56 രൂപവരെ താഴ്ന്ന കോഴിവില മൂന്നാഴ്ചകൊണ്ട് ഇരട്ടിയിലേറെയായി. ശനിയാഴ്ച ഇറച്ചിക്കോഴി വില കിലോയ്ക്ക് 147 രൂപയും കോഴി ഇറച്ചി 236 രൂപയുമായാണ് വർദ്ധിച്ചത്.

കർക്കടക സംക്രാന്തി പ്രമാണിച്ച് കോഴിഇറച്ചിക്ക് ആവശ്യക്കാർ ഏറിയതാണ് ഒറ്റദിവസം കൊണ്ടുള്ള വിലവർദ്ധനയ്ക്ക് കാരണം. വെള്ളിയാഴ്ച കോഴി വില 137 രൂപയും കോഴി ഇറച്ചി 222 രൂപയും ആയിരുന്നതാണ് ഒരുദിവസം കൊണ്ട് കിലോയ്ക്ക് പത്തുരൂപ വർദ്ധിച്ചത്.

ബക്രീദ് അടുത്തതും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി വന്നതും കോഴി വിപണിയിൽ ഉണർവേകി. ട്രോളിംഗ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതും വില വർദ്ധിക്കാൻ ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു. വില വർദ്ധിച്ചതോടെ ഫാമുകളിൽ 45 ദിവസം പ്രായം എത്താറായ കോഴികൾ വരെ വിപണിയിലിറക്കിയിരിക്കുകയാണ് ഉടമകൾ. പല്ലടം, സേലം, നാമക്കൽ തുടങ്ങി കൂടുതൽ കോഴിഫാമുകളുള്ള പ്രദേശങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്.

പൊള്ളാച്ചി, ഉദുമൽപേട്ട, കോയമ്പത്തൂർ തുടങ്ങി കേരളത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ധാരാളം കോഴി ഫാമുകൾ ഉണ്ടെങ്കിലും ഡീസൽ വില വർദ്ധനയും ഇറച്ചിക്കോഴിയുടെ വില വർദ്ധിപ്പിക്കാൻ കാരണമായെന്ന് വിതരണക്കാർ പറയുന്നു. വില നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങൾ സർക്കാർ ഇല്ലാത്തതും, കോഴിത്തീറ്റയുടെയും കോഴിത്തീറ്റ നിർമ്മാണത്തിനാവശ്യമായ ചോളം, പയർ, കടല തുടങ്ങിയവയുടെ വിലക്കയറ്റവും വില വർദ്ധിക്കാൻ പ്രധാന കാരണമാണ്.

-ഹോട്ടൽ മേഖല പ്രതിസന്ധിയിൽ
കോഴി വില വർദ്ധനവുമൂലം ഹോട്ടൽ മേഖല പ്രതിസന്ധിയിൽ. കൊവിഡുമൂലം പാഴ്സൽ വിൽപ്പനയും ഹോംഡെലിവറിയും മാത്രമാണ് നടക്കുന്നതെങ്കിലും ഇറച്ചിക്കോഴിയുടെ വില വർദ്ധനയ്ക്ക് അനുസരിച്ച് വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാനാകില്ല. വ്യാപാര മാന്ദ്യം നേരിടുന്നതിനാൽ ഇനിയും വില വർദ്ധിപ്പിച്ചാൽ കൂടുതൽ പ്രതിസന്ധിയിലാകുമോയെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഉടമകൾ നേരിടുന്ന ആശങ്ക. അറേബ്യൻ കോഴി വിഭവങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. ഇന്ധനവില വർദ്ധിച്ചതിനാൽ ഹോം ഡെലിവറിക്കും ചെലവ് ഉയർന്നിട്ടുണ്ട്. പ്രവർത്തന സമയം രാത്രി എട്ടായി നിജപ്പെടുത്തിയതിനാൽ രാത്രിയിലുള്ള ആവശ്യക്കാർ ഇല്ലാതായെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.