dress
ബലിപെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാട് നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തിരക്ക്.

പാലക്കാട്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നഗരത്തിൽ തിരക്കേറി. ഞായറാഴ്ച മുതൽ ഇളവ് നല്‍കിയെങ്കിലും വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

പലചരക്ക് കട, ബേക്കറി, തുണിക്കട, ഫാന്‍സികട, മത്സ്യം, മാംസം വില്‍ക്കുന്ന കടകളിലെല്ലാം രാവിലെയും വൈകീട്ടും തിരക്കുണ്ടായിരുന്നു. നഗരത്തിലെയും ഗ്രാമീണമേഖലയിലെയും വ്യാപാര സ്ഥാപനങ്ങളെല്ലാം രാവിലെ തന്നെ തുറന്നിരുന്നു. പാലക്കാട് നഗരത്തില്‍ ജി.ബി റോഡ്, സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍, വലിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്‍പ്പെടെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നു.

പാലക്കാടിന് പുറമെ ചിറ്റൂര്‍, ആലത്തൂര്‍, ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട്, അഗളി സബ് ഡിവിഷനുകളുടെ കീഴിലും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇളവിനെ തുടര്‍ന്ന് ഇന്നലെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും അത്യാവശ്യത്തിന് യാത്രക്കാർ ഉണ്ടായിരുന്നു.

-പ്രതീക്ഷയോടെ വ്യാപാരികൾ

കടകള്‍ തുറക്കാന്‍ മൂന്നുദിവസം അടുപ്പിച്ച് ഇളവ് ലഭിച്ചതില്‍ വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ വ്യാപാരികള്‍. പെരുന്നാള്‍ തലേന്നായ ഇന്നുകൂടി ഇളവ് ലഭിച്ചതിനാല്‍ നല്ല കച്ചവടം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ഉത്സവകാലത്ത് പലരും കടം വാങ്ങിയാണ് തുണിത്തരങ്ങൾ ഉള്‍പ്പെടെയുള്ളവ സ്റ്റോക്ക് എത്തിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിടല്‍ നീണ്ടതിനാല്‍ വില്പന മുടങ്ങി

പ്രതിസന്ധിയിലായിരുന്നു.

ഇത്തവണ നല്ല കച്ചവടം ലഭിച്ചാല്‍ ആശ്വാസമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

അതേസമയം ഇളവ് നല്‍കിയതില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. കൊവിഡ് നിയന്ത്രണം കടുപ്പിച്ചിട്ടും ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) പത്തില്‍ കൂടുതല്‍ തുടരുകയാണ്. ഇളവുകള്‍കൂടി വന്നതോടെ വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് അധികൃതർ.