ചെർപ്പുളശ്ശേരി : തൃക്കടീരി ആറം കുന്നത്ത് കാവിൽ ഈ മാസം 16ന് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ രണ്ടു ദിവസത്തിനകം മോഷ്ടാവ് പിടിയിൽ. കയിലിയാട് ചേരും കുഴി വീട്ടിൽ മണികണ്ഠനാണ് (47) അറസ്റ്റിലായത്. നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ. മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന പ്രതി ജൂലായ് ഏഴിനാണ് പുറത്തിറങ്ങിയത്.
ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളവും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ പെട്ടന്ന് പിടികൂടാനായത്. പ്രതിയെ ക്ഷേത്രത്തിലും, മോഷണശ്രമം നടത്തിയ സമീപത്തെ വീടുകളിലും എത്തിച്ച് സി.ഐ: എം. സുജിത്, എസ്.ഐ: കെ. സുഹൈൽ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. ഭണ്ഡാരം കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പു കമ്പിയും സമീപത്തു നിന്നും കണ്ടെത്തി.
ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് ക്ഷേത്രം അധികൃതർ നൽകിയ പരാതിയിലുള്ളത്. പ്രതിയെ കയിലിയാട്ടെ വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുത്തു. ചില്ലറ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയും വീട്ടിൽ നിന്നും കണ്ടെടുത്തു.
മുണ്ടക്കോട്ടുകുർശ്ശിയിൽ വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണാഭരണം കവർന്നത് ഉൾപ്പെടെ 16 കേസുകൾ മണികണ്ഠന്റെ പേരിലുള്ളതായും, ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും ചെർപ്പുളശ്ശേരി സി.ഐ: എം.സുജിത് പറഞ്ഞു. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.