സഹകരണ മേഖലയിൽ എൻ.എ.ബി.എൽ അംഗീകാരമുള്ള ആദ്യ സ്ഥാപനം
മണ്ണാർക്കാട്: സഹകരണ മേഖലയിൽ എൻ.എ.ബി.എൽ. അംഗീകാരമുള്ള സംസ്ഥാനത്തെ ആദ്യ ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രം എന്ന ബഹുമതി റൂറൽ ബാങ്കിന്റെ കീഴിലുള്ള ഇ.കെ. നായനാർ മെമ്മോറിയൽ നീതി മെഡിക്കൽ സെന്ററിന് സ്വന്തം. ഇതോടെ കൊവിഡ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും.
ടെസ്റ്റിന് വിധേയയരായി മണിക്കൂറുകൾക്കകം റിസൽട്ട് ലഭിക്കുമെന്നത് വിദേശത്തേക്ക് പോകുന്നവർക്ക് ഉൾപ്പെടെ പ്രയോജനപ്രദമാകും. ആർ.ടി.പി.സി.ആർ ലാബിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ശിലാഫലക അനാച്ഛാദനം മുൻ എം.എൽ.എ: പി.കെ. ശശി നിർവ്വഹിക്കും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് എന്നിവരോടൊപ്പം വിവിധ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് രമ സുകുമാരൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.