driving

പാലക്കാട്: കൊവിഡ് മൂലം മൂന്നു മാസത്തിലധികം പൂട്ടിക്കിടന്ന ഡ്രൈവിംഗ് സ്‌കൂളുകൾ വീണ്ടും സജീവം. രോഗനിരക്ക് കുറവുള്ളിടങ്ങളിൽ പ്രവർത്തിക്കാമെന്ന ഇളവിനെ തുടർന്ന് തിങ്കളാഴ്ച മുതലാണ് ഡ്രൈവിംഗ് സ്കൂളൂകൾ തുറന്നത്. ജില്ലയിലെ 143 ഡ്രൈവിംഗ് സകൂളുകളിൽ നൂറെണ്ണമാണ് ആദ്യദിനം തുറന്നത്.

കൊവിഡ് മാനദണ്ഡപ്രകാരം വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കൂ. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെയാണ് പരിശീലനം. കൊവിഡ് രൂക്ഷമായിടങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമേ സ്‌കൂളുകൾ പ്രവർത്തിക്കാവൂ.

 പ്രതീക്ഷയോടെ ജീവനക്കാരും ഉടമകളും

ഡ്രൈവിംഗ് സ്‌കൂൾ അടച്ചുപൂട്ടിയതോടെ ഉടമകൾക്കും ജീവനക്കാർക്കും മാത്രമല്ല, പഠിതാക്കൾക്കും കനത്തതിരിച്ചടിയിരുന്നു. ജീവനക്കാർക്ക് വരുമാനം നിലച്ചപ്പോൾ ഡ്രൈവിംഗ് ലൈൻസസില്ലാതെ ജോലിക്കുപോലും അപേക്ഷിക്കാനാവാതെ പഠിതാക്കളും കുടുങ്ങി. ഇളവുകൾ നൽകിയപ്പോഴും ഡ്രൈവിംഗ് സ്‌കൂളുകളെ പരിഗണിച്ചിരുന്നില്ല. പ്രതിഷേധം ഉയർന്നതോടെയാണ് പരിശീലനം പുനരാംഭിക്കാൻ അനുവദിച്ചത്.

മാസങ്ങളായി നിറുത്തിയിട്ട വാഹനങ്ങളെല്ലാം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഇതെല്ലാം അറ്റകുറ്റപ്പണി നടത്തിയാണ് വീണ്ടും നിരത്തിലിറക്കിയത്.

 നിർദ്ദേശങ്ങൾ

.മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പരിശീലനം നടത്താൻ.

.പരിശീലനവാഹനം നിത്യവും വാട്ടർ സർവീസ് നടത്തണം.

.സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, കണ്ണാടി, സ്വിച്ചുകൾ, വാതിൽപ്പിടി എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കണം.

.പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമേ വാഹനത്തിൽ പാടുള്ളൂ.

 ടെസ്റ്റ് 22 മുതൽ

പുതിയ ലൈസൻസിനു അപേക്ഷിച്ചവർക്കു വ്യാഴാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും. ഒരു താലൂക്കിൽ 40 പേർക്കു മാത്രമാണ് അവസരം. ജില്ലയിലെ ആറു താലൂക്കുകളിലായി 240 പേർക്ക് അവസരമുണ്ടാകും. ഇന്നുമുതൽ സ്ലോട്ട് ബുക്ക് ചെയ്യാം. രാവിലെ എട്ടിനും പകൽ രണ്ടിനും ആരംഭിക്കുന്ന ബാച്ചുകളിലേക്കാണ് സ്ലോട്ട് ബുക്ക്‌ ചെയ്യേണ്ടത്. mvd.kerala.gov.in, parivahan.gov.in എന്നീ സൈറ്റുകളിലാണ് ബുക്കിംഗ് സൗകര്യം. ലൈസൻസ് കാലാവധി പിന്നിട്ട് ഒരു വർഷം കഴിഞ്ഞശേഷം പുതുക്കാൻ അപേക്ഷിച്ചവർക്കുള്ള ടെസ്റ്റുകളും ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ടായിരത്തോളം പേരാണ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.

-സി.മോഹനൻ, ജോയിന്റ് ആർ.ടി.ഒ പാലക്കാട്.