fire-station
പാലക്കാട് ഫയർ സ്‌റ്റേഷനിലേക്ക് എത്തിയ പുതിയ വാഹനങ്ങൾ.

പാലക്കാട്: പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾക്കായുള്ള രക്ഷാപ്രവർത്തനത്തിന് കൂടുതൽ കരുത്തേകാൻ ജില്ലാ അഗ്നിരക്ഷാ സേനയ്ക്ക് പുതുതായി ആറ് വാഹനങ്ങൾ കൂടിയെത്തി. മൂന്ന് ജീപ്പുകളും ഒരു ആംബുലൻസ്, ഒരു ഫോം ടെൻഡർ, ഒരു മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ എന്നിവയാണ് പുതിയതായി എത്തിയത്. മൂന്ന് ജീപ്പും ആംബുലൻസും പാലക്കാട് സ്റ്റേഷനിലും ഫോം ടെൻഡർ ആലത്തൂർ സ്റ്റേഷനിലും മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ വടക്കഞ്ചേരിലുമാണ് എത്തിച്ചത്.

സംസ്ഥാനത്താകെ അഗ്നിരക്ഷാ സേനയ്ക്ക് 88 അത്യാധുനിക സുരക്ഷാ വാഹനങ്ങളാണ് സർക്കാർ നൽകിയത്. പത്ത് ഫോം ടെൻഡർ, 30 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, 18 ആംബുലൻസ്, 30 ജീപ്പ് എന്നിവയാണ്‌ ലഭിച്ചത്‌. ഇതിൽ ആറെണ്ണമാണ് ജില്ലയ്ക്ക് ലഭ്യമായത്. കൂടുതൽ അത്യാധുനിക വാഹനങ്ങൾ ലഭിച്ചതോടെ പ്രയാസകരമായ രക്ഷാദൗത്യങ്ങളും എളുപ്പത്തിൽ നിർവ്വഹിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ അഗ്നിരക്ഷാ സേന.

ഓരോ സ്റ്റേഷനുകളിലെയും പഴയ വാഹനങ്ങൾ മാറ്റിയാണ് പുതിയവ നൽകിയിരിക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ തീപിടുത്തങ്ങൾ അതിവേഗത്തിൽ അണയ്ക്കാനാണ് വീണ്ടും ഫോം ടെൻഡർ ജില്ലയിലെത്തിച്ചത്. പട്ടാമ്പി സ്റ്റേഷനിൽ ഇത്തരമൊരു വാഹനം നേരത്തെ എത്തിച്ചിരുന്നു.

നിലവിൽ 70 വാഹനങ്ങൾ

പുതുതായി ആറ് വാഹനങ്ങൾ കൂടി ലഭിച്ചതോടെ ജില്ലയിൽ അഗ്നിരക്ഷാ സേനയ്ക്ക് കീഴിലുള്ള വാഹനങ്ങളുടെ എണ്ണം 70 ആയി. പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, മണ്ണാർക്കാട്, കഞ്ചിക്കോട്, ആലത്തൂർ, വടക്കഞ്ചേരി, ഷൊർണൂർ, ചിറ്റൂർ, പാലക്കാട് എന്നിങ്ങനെ പത്ത് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.

സ്റ്റേഷനുകൾ- വാഹനങ്ങളുടെ എണ്ണം

1.പാലക്കാട്- 18

2.ചിറ്റൂർ- 08

3.ഷൊർണൂർ- 09

4.വടക്ക‍ഞ്ചേരി- 07

5.ആലത്തൂർ- 07

6.കഞ്ചിക്കോട്- 08

7.മണ്ണാർക്കാട്- 05

8.കൊല്ലങ്കോട്- 03

9.കോങ്ങാട്- 03

10.പട്ടാമ്പി- 02

-പുതിയ വാഹനങ്ങൾകൂടി ലഭിച്ചതോടെ ഏത് ദുരന്ത മേഖലയിലേക്കും സേനയ്ക്ക് പോകാൻ സാധിക്കും. ഒപ്പം ജീവനക്കാർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും.

- വി.കെ. ഋതീജ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.