വടക്കഞ്ചേരി: പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ കവർച്ച, രാത്രികാലങ്ങളിൽ ഭവനഭേദനം, വാഹനമേഷണം,പിടിച്ചുപറി എന്നിവ പതിവാക്കിയ കോരഞ്ചിറ വാൽകുളമ്പ് മല്ലംവളപ്പ് വീട്ടിൽ ഡാനിയേൽ എന്ന ഡാനി(21) പിടിയിൽ. വടക്കഞ്ചേരി പൊലീസും, സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
വടക്കഞ്ചേരി കല്ലിങ്കപ്പാടത്ത് രാത്രി ഭവനഭേദനം നടത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്, പാലക്കാട് ടൗൺ പരിസരത്ത് സെക്യൂരിറ്റി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും മറ്റും കവർച്ച ചെയ്തത്, ചിറ്റൂരിൽ കരിമ്പിൻ ജൂസ് കടയിലെ സ്ത്രീയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്തത് എന്നീ കേസുകൾ പ്രതി കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസം കൊല്ലങ്കോട് പോലീസ് പിടികൂടിയ മോഷ്ടാവ് അമൽജിത്തും ഡാനിയേലും ചേർന്നാണ് ഭവനഭേദനവും കവർച്ചയും ചെയ്തിട്ടുള്ളത്.
കുറച്ച് ദിവസങ്ങളായി എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട് നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോൺ ഇയാളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിനും കൊവിഡ് പരിശോധനക്കും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസൻ, വടക്കഞ്ചേരി ഇൻസ്‌പെക്ടർ എം.മഹേന്ദ്ര സിംഹൻ, എസ്.ഐ അനീഷ്.എസ്, എ.എസ്.ഐ.ബിനോയ് മാത്യു, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്.ആർ.കെ, യു.സൂരജ് ബാബു, ദിലീപ്.കെ എന്നിവരാണ് കേസന്വേഷണം നടത്തിയത്.