ചിറ്റൂർ: മൂന്നു വർഷത്തോളമായി ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ലക്ഷങ്ങൾ വിലവരുന്ന ജനറേറ്റർ വെയിലും മഴയും കൊണ്ട് നശിക്കുന്നു. ജോയിന്റ് ആർ.ടി.ഒ ഓഫീസ് തത്തമംഗലത്ത് പ്രവർത്തിച്ചിരുന്നപ്പോൾ അവിടെ സ്ഥാപിച്ചിരുന്നതാണ് ജനറേറ്റർ. ഓഫീസ് സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതിനെ തുടർന്ന് തത്തമംഗലത്തു നിന്നും കൊണ്ടുവന്ന് ഇറക്കി വച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്രയും കാലമായി ഓഫീസിൽ പ്രവർത്തിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.
തത്തമംഗലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള ജനറേറ്റർ ഇത്തരത്തിൽ നശിക്കുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഓഫീസിൽ വൈദ്യുതി മുടങ്ങിയാൽ കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ബദൽ സംവിധാനവുമില്ല.
ജനറേറ്റർ നശിക്കാൻ കാരണമായവർക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും, ജെ.ആർ.ടി.ഒ ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ചിറ്റൂർ പ്രതികരണവേദി അംഗങ്ങൾ.