ചിറ്റൂർ: വർഷങ്ങളായി തകർന്നു കിടക്കുന്ന വിളയോടി വിളക്കത്തറക്കളം റോഡിലൂടെയുള്ള ജനങ്ങളുടെ യാത്ര ദുരിതത്തിൽ. മഴ ശക്തമായതോടെ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്കരമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പെരുമാട്ടി പഞ്ചായത്തിൽ നാലാം വാർഡിൽ ഉൾപ്പെടുന്ന വിളയോടി വിളക്കത്തറക്കളം റോഡിൽ ഒരു കിലോമീറ്റർ ദൂരം കനാൽ വരമ്പ് റോഡാണ്. ഇത് മഴ പെയ്തതോടെ ചളിക്കുളമായി. ജലസേചന വകുപ്പിനു കീഴിലാണ് ഈ റോഡ്. പ്രദേശത്ത് 22 കുടുംബളിലായി 80 ഓളം പേരാണ് താമസിക്കുന്നുണ്ട്. ഇവർക്കുള്ള ഏക യാത്രാ മാർഗമാണ് ഈ റോഡ്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം ആശുപത്രി ആവശ്യത്തിനുപോലും ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും രോഗികളെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണ്. റോഡ് ശരിയാക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.