വടക്കഞ്ചേരി: ഒന്നാംവിള നെൽകൃഷിയിറക്കിയ പാടങ്ങളിൽ കളശല്യം വ്യാപകം. ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയവരാണ് കളശല്യം കൊണ്ട് വെട്ടിലായത്. കാലവർഷം വൈകിയതിനാൽ പാടങ്ങളിൽ വെള്ളം കെട്ടിനിറുത്താനാകാത്തതും കളനാശിനി പ്രയോഗിക്കാനാകാതെ വന്നതും കള വളരാനിടയാക്കിയെന്ന് കർഷകർ പറയുന്നു. ഞാറ്റടി തയ്യാറാക്കി നടീൽ പണികൾ ചെയ്ത കൃഷിയിടങ്ങളിലും കളശല്യം വ്യാപകമാണ്.
മഴ ശക്തമായതോടെ മലയോര മേഖലകളിലെ നെൽപ്പാടങ്ങളിൽ കുളയട്ട ശല്യവും രൂക്ഷമാണ്. കുളങ്ങളിൽ നിന്നും തോടുകളിൽ നിന്നും വെള്ളം എത്തുന്ന പാടശേഖരങ്ങളിലാണ് അട്ടശല്യം രൂക്ഷം. കളപറിക്കാനും മറ്റും നെൽപ്പാടങ്ങളിൽ ഇറങ്ങുന്നവരുടെ കാലുകളിൽ അട്ട കയറിപ്പറ്റി കടിക്കുന്നത് വ്യാപകമായതിനാൽ തൊഴിലാളികൾ പ്ലാസ്റ്റിക് കവറുകൾ, സോക്സ് തുടങ്ങിയവ കൊണ്ട് കാലുകൾ പൊതിഞ്ഞാണ് പാടങ്ങളിൽ ഇറങ്ങുന്നത്.
പുകയില വേപ്പെണ്ണ തുടങ്ങിയവ കാലുകളിൽ പുരട്ടിയും പരീക്ഷണം നടത്തുന്നുണ്ടെങ്കിലും വെള്ളത്തിലായതിനാൽ ഫലപ്രദമല്ലെന്ന് തൊഴിലാളികൾ പറയുന്നു.
വനമേഖലയിൽ കാണുന്ന തരത്തിലുള്ള അട്ടകൾ അല്ലെന്നും, രണ്ട് ഇഞ്ചിനുമേൽ നീളം വരുന്നതും വെള്ളത്തിൽ നീന്തിവരുന്നതും ആണെന്നാണ് തൊഴിലാളികൾ പറയുന്നത്. കോൾപ്പാടങ്ങളിലും മറ്റും കണ്ടുവരുന്ന ഇത്തരം അട്ടകൾ അടുത്തകാലത്താണ് പ്രദേശങ്ങളിലെ പാടങ്ങളിൽ എത്തിത്തുടങ്ങിയത്. എന്നാൽ പാടങ്ങളിൽ കാണുന്ന കൊക്കുകളും മറ്റു നീർപക്ഷികളും അട്ടകളെ ഭക്ഷിക്കാറില്ല.
വേനലിൽ പൂട്ടിയിട്ട് വരണ്ടപാടങ്ങളിൽ മഴ ശക്തമായതോടെ ആഴമുള്ള കുളങ്ങളിൽ നിന്നും തോടുകളിൽ നിന്നും എത്തിയ വെള്ളത്തിലൂടെയാണ് വ്യാപകമായി അട്ടകൾ എത്തിയിരിക്കുന്നതെന്നാണ് നിഗമനം. മരുതഞ്ചേരി, ഒറവഞ്ചിറ, ആലമ്പള്ളം, പോത്തുണ്ടി തുടങ്ങി വെള്ളക്കെട്ട് കൂടുതലുള്ള പാടങ്ങളിലാണ് അട്ടശല്യം കൂടുതൽ. ഇതോടൊപ്പം അതിർവരമ്പുകളും കാട്ടുപന്നികൾ നശിപ്പിക്കുന്നതും കർഷരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
ആറ് ഏക്കർ നെൽകൃഷിയുണ്ട്. കള പറിച്ചു മാറ്റാനും മറ്രുമായി കൂലിയിനത്തിൽ നല്ലൊരു തുക വേണം.
- വി. രാമകൃഷ്ണൻ, കർഷകൻ, തിരുവഴിയാട് പുത്തൻതറ പാടശേഖരം.