arrest
സുനിൽ പ്രകാശ്

ചിറ്റൂർ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന രണ്ടുപേർ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായി. അഞ്ചാംമൈൽ മുസ്തഫ കോളനി എസ്. സുനിൽ പ്രകാശ് (19), സുഹൃത്തായ പതിനേഴുകാരൻ എന്നിവരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ന് എരുത്തേമ്പതി ആർ.വി.പി പുതൂർ സ്വദേശിയായ അഖിലിന്റെ വീടിന് മുന്നിൽ നിറുത്തിയിട്ട ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞദിവസം ചിറ്റൂർ പൊലീസ് അഞ്ചാംമൈലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിറുത്താതെ പോയ ബൈക്കിനെ പിന്തുടർന്ന് മേട്ടുക്കടയിൽവച്ചാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ബൈക്ക് മോഷ്ടിച്ചതാണെന്നു വ്യക്തമായി. സുനിൽ പ്രകാശിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി.

ചിറ്റൂർ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ: എസ്. അൻഷാദ്, ഗ്രേഡ് എസ്.ഐ: മുഹമ്മദ് റാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, നിസാർ അഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.